PMA Salam
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ. സലാം തുടരാൻ സാധ്യത. ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്ന പുതിയ സംസ്ഥാന കൗൺസിൽ യോഗത്തിലാകും അന്തിമതീരുമാനം. കോഴിക്കോട് ഒഴികെയുള്ള 13 ജില്ലാക്കമ്മിറ്റികൾ സലാമിനെ പിന്തുണയ്ക്കുന്നതായാണ് വിവരം.
ഭാരവാഹി തിരഞ്ഞെടുപ്പിനുമുന്നോടിയായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വെള്ളിയാഴ്ച മലപ്പുറത്ത് ജില്ലാ പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗം വിളിച്ച് അഭിപ്രായംതേടി. കോഴിക്കോട് ജില്ലാക്കമ്മിറ്റി എം.കെ. മുനീറിനെ സംസ്ഥാന ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടു.
കെ.എം. ഷാജി, പി.എം. സാദിഖലി എന്നിവർ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേര് നിർദേശിച്ചു. അദ്ദേഹം തയ്യാറല്ലെങ്കിൽ എം.കെ. മുനീറിനെ പരിഗണിക്കണമെന്നും ആവശ്യമുന്നയിച്ചു. ബാക്കി 13 ജില്ലാക്കമ്മിറ്റികളും സലാമിന്റെ പേര് നിർദേശിച്ചതായാണ് വിവരം.
സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.എ. മജീദ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയായതിനെത്തുടർന്നാണ് പി.എം.എ. സലാമിന് ചുമതലനൽകിയത്. ചില നേതാക്കൾക്ക് എതിർപ്പുണ്ടെങ്കിലും അംഗത്വപ്രചാരണമടക്കമുള്ള സംഘടനാകാര്യങ്ങൾ മികച്ചരീതിയിൽ ഏകോപിപ്പിക്കുന്നതിൽ സലാം വിജയിച്ചെന്നാണ് പാർട്ടിയിലെ പൊതുവികാരം. സാദിഖലി തങ്ങൾക്കും സലാം അഭിമതനാണ്.
ശനിയാഴ്ച രാവിലെ 11-ന് നിലവിലെ സംസ്ഥാന കൗൺസിൽ യോഗംചേരും. ഉച്ചയ്ക്ക് മൂന്നിനുചേരുന്ന പുതിയ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക. എറണാകുളം ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിനുമുൻപ് സംസ്ഥാന കൗൺസിൽ ചേരുന്നതുതടഞ്ഞ കോഴിക്കോട് മുൻസിഫ് കോടതി ഉത്തരവ് തടസ്സമാകില്ലെന്ന് പി.എം.എ. സലാം പറഞ്ഞു. എറണാകുളം ജില്ലാ കൗൺസിൽ ചേർന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങളെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നതാധികാരസമിതിക്കു പകരം ഇനി സെക്രട്ടേറിയറ്റ്
ഉന്നതാധികാര സമിതിക്കു പകരം സംസ്ഥാന സെക്രട്ടേറിയറ്റ് നിലവിൽവരുമെന്നതാകും കൗൺസിൽ യോഗത്തിലെ ശ്രദ്ധേയമായ ചുവടുവെപ്പ്. ചുരുക്കംചില നേതാക്കൾ മാത്രമുള്ള ഉന്നതാധികാരസമിതിക്ക് ഭരണഘടനാസാധുതയില്ലെന്ന് പരാതിയുയർന്നിരുന്നു. തുടർന്ന്, 2021 ഒക്ടോബർ രണ്ടിന് മഞ്ചേരിയിൽ ചേർന്ന പ്രവർത്തകസമിതിയിൽ അവതരിപ്പിച്ച നയരേഖയിൽ സംസ്ഥാന സെക്രട്ടേറിയറ്റിനെ ഭരണഘടനാനുസൃതമായി പുനഃക്രമീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് 21 പേരെയാണ് തിരഞ്ഞെടുക്കുക. ഇതിൽ 10 പേർ സംസ്ഥാന ഭാരവാഹികളായിരിക്കും. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, എട്ടുവീതം വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരടക്കം 19 സംസ്ഥാനഭാരവാഹികളെയും തിരഞ്ഞെടുക്കും. സംസ്ഥാന പ്രസിഡന്റായി സാദിഖലി തങ്ങൾ തുടരുമെങ്കിലും മറ്റുപലതിലും മാറ്റമുണ്ടാകും. സംസ്ഥാന പ്രവർത്തകസമിതിയിലേക്ക് 75 അംഗങ്ങളെയും തീരുമാനിക്കും.
ജനറൽ സെക്രട്ടറിയെച്ചൊല്ലി തർക്കമില്ല
സംസ്ഥാന ജനറൽ സെക്രട്ടറിയെച്ചൊല്ലി പാർട്ടിയിൽ തർക്കമില്ല. കൗൺസിലിനുമുൻപ് എല്ലാവരുടെയും അഭിപ്രായംതേടാറുണ്ട്. മത്സരം മുസ്‍ലിം ലീഗിന്റെ കീഴ്‌വഴക്കമല്ല.
-പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
(മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..