കേരളം, അതിദാരിദ്ര്യം ഇല്ലാതാകുന്ന ആദ്യ സംസ്ഥാനമാകും -എം.വി.ഗോവിന്ദൻ


സി.പി.എം. ജനകീയ പ്രതിരോധ ജാഥ

എം.വി.ഗോവിന്ദൻ

നെടുമങ്ങാട്(തിരുവനന്തപുരം): രാജ്യത്ത് അതിദാരിദ്ര്യം ഇല്ലാതാകുന്ന ആദ്യ സംസ്ഥാനമാകും കേരളമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം. നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നെടുമങ്ങാട്ടു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ഭരിക്കുന്ന ഒരു സംസ്ഥാനത്തിനും ഈ നേട്ടം കൈവരിക്കാനാവില്ല. ഭൂമിയില്ലാത്ത ഒരു മനുഷ്യനും കേരളത്തിലുണ്ടാകില്ല. എല്ലാവർക്കും മൂന്ന് സെന്റ് വീതം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.

പത്തിരുപത് വർഷത്തിനുള്ളിൽ ലോകത്തെ വികസിതരാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തും. സംഘടിതരും അസംഘടിതരുമായ തൊഴിലാളികൾക്ക് ഗുണമേന്മയുള്ള ജീവിതനിലവാരമുള്ളത് കേരളത്തിലാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

നെടുമങ്ങാട്ടു നടന്ന സ്വീകരണസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.ജോയി, വി.ശിവൻകുട്ടി, ആനാവൂർ നാഗപ്പൻ, എം.വിജയകുമാർ, കെ.ടി.ജലീൽ, പി.ബിജു, ജെയ്‌ക്‌ സി.തോമസ്, സി.ജയൻബാബു, ചെറ്റച്ചൽ സഹദേവൻ, ഷിജുഖാൻ, കെ.സി.വിക്രമൻ, സി.കെ.ഹരീന്ദ്രൻ, എ.എ.റഹീം എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ മാമം, വെഞ്ഞാറമൂട് വയ്യേറ്റ്, ആര്യനാട്, പേയാട് എന്നിവിടങ്ങളിലും സ്വീകരണയോഗങ്ങൾ നടന്നു. ജാഥ ശനിയാഴ്ച സമാപിക്കും.

കെ.സുധാകരന്റേത് ഫ്യൂഡൽ മനോഭാവം

: മുഖ്യമന്ത്രിയെ ചെറ്റ എന്നു വിളിച്ചത് കെ.സുധാകരന്റെ ചാതുർവർണ്യ ഫ്യൂഡൽ മനഃസ്ഥിതിയാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പാവപ്പെട്ടവൻ ജീവിക്കാനുപയോഗിക്കുന്ന കെട്ടുറപ്പില്ലാത്ത വീടിനെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇത്തരക്കാരുടെ സാമൂഹികജീവിതത്തെ അപമാനിക്കുന്ന തരത്തിൽ മോശപ്പെട്ട രീതിയിലാണ് ആ പദം ഉപയോഗിച്ചത്. പാവപ്പെട്ടവരോടുള്ള പരമപുച്ഛമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ജവഹർലാൽ നെഹ്റു ആർ.എസ്.എസുകാരോടു സന്ധിചെയ്തിട്ടുണ്ടെന്ന കെ.സുധാകരന്റെ പ്രസ്താവനയും തെറ്റായിരുന്നു. ചരിത്രത്തെക്കുറിച്ചു ധാരണയില്ല. നെഹ്‌റു ഭൗതികവാദിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..