സ്വപ്ന സുരേഷ് |ഫോട്ടോ:ANI
കണ്ണൂർ: സ്വപ്നാ സുരേഷ് ബ്ലാക്ക്മെയിൽ ചെയ്തെന്ന പരാതിയിൽ വിജേഷ് പിള്ളയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ വിജേഷ് പിള്ളയുടെ കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്.
പ്രാഥമികവിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് നിലനിൽക്കുമോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. കേസെടുക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. സ്വപ്ന ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നാണ് വിജേഷിന്റെ പ്രധാന പരാതി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ വിജേഷ് വധഭീഷണി നടത്തിയെന്ന് ഫെയ്‌സ്‌ബുക്ക് ലൈവ് വഴി ആരോപിച്ച സ്വപ്ന ബെംഗളൂരു കെ.ആർ. പുരം പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. വിജേഷിനെതിരേ ബെംഗളൂരു പോലീസ് കേസെടുത്തിട്ടുണ്ട്.
30 കോടി തരാമെന്നും കൈയിലുള്ള മുഴുവൻ തെളിവുകളും നശിപ്പിച്ച് കുടുംബസമേതം വിദേശത്ത് പോകണമെന്നുമാണ് വിജേഷ് ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. ഇതിനിടെയാണ് വിജേഷ് പിള്ള ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സ്വപ്ന നടത്തിയ ആരോപണത്തിന് അദ്ദേഹം വക്കീൽനോട്ടീസ് അയച്ചിരുന്നു.
ഗൂഢാലോചന നടത്തിയതിന് സ്വപ്നയ്ക്കും വിജേഷിനും എതിരേ
കേസ്
തളിപ്പറമ്പ്: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്നതിന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്, കടമ്പേരിയിലെ വിജേഷ് പിള്ള എന്നിവർക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സി.പി.എം. ഏരിയാ സെക്രട്ടറി കെ. സന്തോഷിന്റെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കെതിരേയുള്ള ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനംചെയ്ത് എം.വി. ഗോവിന്ദൻ വിജേഷ് പിള്ളയെ അയച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്നാ സുരേഷ് ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചിരുന്നു. പൊതുജനമധ്യത്തിൽ സർക്കാരിനെയും പാർട്ടിയെയും മോശമായി ചിത്രീകരിക്കുകയാണ് ആരോപണങ്ങളുടെ ലക്ഷ്യം. സ്വപ്‌നയും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് ആരോപണങ്ങൾ പുറത്തുവിട്ടതെന്നും പരാതിയിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..