സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നൽകിയ പൗരസ്വീകരണത്തിന് ശേഷം വേദി വിടുന്ന രാഷ്‌ട്രപതി ദ്രൗപദി മുർമു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം: രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പ്രസംഗത്തിൽ ഏറെഭാഗവും മലയാളത്തിൽ. രാഷ്ട്രപതി ദ്രൗപദി മുർമു പ്രസംഗം തുടങ്ങിയതും മലയാളത്തിലാണ്. ‘നമസ്കാരം, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ’ എന്ന സംബോധനയോടെയായിരുന്നു രാഷ്ട്രപതിയുടെ തുടക്കം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇംഗ്ലീഷിൽ സംസാരിച്ചപ്പോഴായിരുന്നു ഗവർണറുടെ വേറിട്ട പ്രസംഗം.
കേരളത്തിന്റെ പൗരസ്വീകരണം മാത്രമല്ല, കുടുംബശ്രീ നേടിയ സ്ത്രീശാക്തീകരണത്തിന്റെയും പുരോഗതിയുടെയും ആഘോഷം കൂടിയാണെന്നുപറഞ്ഞ ഗവർണർ കോവിഡ് മഹാമാരിയുടെ കാലത്ത് എല്ലാവർക്കും ഭക്ഷണം ഒരുക്കിയ കുടുംബശ്രീ പ്രവർത്തകരെ പ്രശംസിക്കുകയും ചെയ്തു. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒരാൾക്കും ഭക്ഷണത്തിന് പ്രശ്നം നേരിട്ടില്ല. ഇത് ലോകത്തൊരിടത്തും സംഭവിക്കാത്ത കാര്യമായിരുന്നു.
പ്രതികൂല ജീവിതസാഹചര്യങ്ങളെ കഠിനപ്രയത്നം കൊണ്ടും നിശ്ചയദാർഢ്യംകൊണ്ടും മറികടന്ന് രാഷ്ട്രപതി പദവിയിലെത്തിയ ദ്രൗപദി മുർമു ഭാരതീയസ്ത്രീയുടെ ഉജ്ജ്വല ദൃഷ്ടാന്തമാണ്-ഗവർണർ പറഞ്ഞു.
സ്വന്തം കാലിൽനിൽക്കുന്ന സ്ത്രീയെ പ്രകീർത്തിക്കുന്ന സുഗതകുമാരിയുടെ ‘പെൺകുഞ്ഞ്’ എന്ന കവിതയിലെ വരികളും ഗവർണർ ഉദ്ധരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..