ആലപ്പുഴ: സംസ്ഥാനത്ത് വൈദ്യുതിവാഹനം ചാർജു ചെയ്യാൻ സ്വകാര്യ-സഹകരണ സ്ഥാപനങ്ങളിലും സംവിധാനമൊരുക്കുന്നു. ഹോട്ടലുകൾ, മാളുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലാണിത്. നാലിടത്തു തുടങ്ങി. പത്തനംതിട്ട മൂഴിയാർ, ആലപ്പുഴ തോട്ടപ്പള്ളി, കോഴിക്കോട് കുന്ദമംഗലത്തെ വെണ്ണക്കാട്, കൊയിലാണ്ടി എന്നിവിടങ്ങളിലാണിത്. കണ്ണൂർ, വയനാട്, ആലപ്പുഴ ജില്ലകളിൽ മൂന്നിടത്തുകൂടി ഉടൻ തുടങ്ങും. ഇതിൽ കണ്ണൂരിലേത് ഒരുസഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ടാണു സ്ഥാപിക്കുന്നത്.
വൈദ്യുതിത്തൂണിൽനിന്നു ചാർജുചെയ്യാൻ 140 നിയോജക മണ്ഡലങ്ങളിലായി 1,166 സ്റ്റേഷനുകൾ നിലവിലുണ്ട്. അതിവേഗം ചാർജു ചെയ്യാവുന്ന 63 സ്റ്റേഷനുകൾക്കു പുറമേയാണിത്. ഇതു കൂടാതെയാണു സ്വകാര്യ സ്ഥാപനങ്ങളിലും സംവിധാനമേർപ്പെടുത്തുന്നത്.
സ്വകാര്യമേഖലയിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനെർട്ടുവഴി രണ്ടുരീതിയിലാണ് സബ്സിഡി. കെ.എസ്.ഇ.ബി. യുടെ വൈദ്യുതി ഉപയോഗിച്ച് ചാർജുചെയ്യുന്ന ഉപകരണങ്ങൾ വാങ്ങാൻ 25 ശതമാനം സബ്സിഡി ലഭിക്കും. സൗരോർജ വൈദ്യുതി ഉപയോഗിച്ചാണ് ചാർജിങ്ങെങ്കിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കിലോവാട്ടിന് 20,000 രൂപവീതം സബ്സിഡി അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങൾ കൂടുതലും സൗരോർജ വൈദ്യുതിക്കാണു മുൻഗണന നൽകുന്നത്. പരമാവധി പത്തുലക്ഷം രൂപയാണ് ഇരുപദ്ധതികൾക്കുമുള്ള സബ്സിഡിയെന്ന് അനെർട്ടിന്റെ ഇ-മൊബിലിറ്റിയുടെ ചുമതലക്കാരനായ ജെ. മനോഹരൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..