മാരാരിക്കുളം(ആലപ്പുഴ): റവന്യൂവകുപ്പിൽ ഭൂമി തരംമാറ്റൽ ജോലിക്കു നിയമിക്കപ്പെട്ടവർക്കു ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസം. ഡേറ്റ എൻട്രി ഓപ്പറേറ്റർ, സർവേയർ, എൽ.ഡി. ക്ലാർക്ക് തസ്തികകളിൽ സംസ്ഥാനത്ത് 950 പേരാണ് വിവിധ താലൂക്ക്-വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഇവരെ നിയമിക്കാൻ ക്യാബിനറ്റ് തീരുമാനിച്ചത്. ജൂൺ മുതൽ നവംബർ വരെയായിരുന്നു നിയമനം. ഈ കാലയളവിൽ ശമ്പളം കിട്ടിയിരുന്നു. 950 കോടി രൂപയാണ് ഭൂമി തരംമാറ്റൽവഴി റവന്യൂവകുപ്പിന് ആറുമാസംകൊണ്ടു കിട്ടിയത്.
ജോലി പൂർത്തിയാകാത്തതിനാൽ ഇവരെ തുടരാനനുവദിച്ച് ഡിസംബർ 12-നു സർക്കാർ ഉത്തരവിറക്കി. തുടർന്നുള്ള മൂന്നുമാസത്തെ ശമ്പളമാണ് കിട്ടാനുള്ളത്. ഒരറിയിപ്പുണ്ടാകുന്നതുവരെ ശമ്പളമുണ്ടാകില്ലെന്നാണ് ഇവർക്കു ലഭിച്ച വിവരം.
40 വയസ്സിനു മുകളിലുള്ള വിധവകളെയും അംഗപരിമിതരെയും പട്ടികജാതി-വർഗ വിഭാഗക്കാരെയും മറ്റുമാണ് താത്കാലിക ജീവനക്കാരായി നിയമിച്ചത്. ശമ്പളമില്ലാത്തതിനാൽ ഓഫീസിലെത്താൻപോലും വിഷമിക്കുകയാണ് പലരും.
ഭൂമി തരംമാറ്റം വഴി ലഭിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച് സി.പി.എം.-സി.പി.ഐ. നേതൃത്വത്തിനിടയിൽ തർക്കമുണ്ടെന്നും അതാണ് ഇവർക്കു ശമ്പളം കിട്ടാനുള്ള തടസ്സമെന്നും പറയുന്നു. ജീവനക്കാർ എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ സംഘടനയ്ക്കു രൂപം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..