മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ റിപ്പർ ജയാനന്ദന് അനുമതി


പോലീസിന്റെ പ്രത്യേക സുരക്ഷയിൽ രണ്ടുദിവസം ചടങ്ങുകളിൽ പങ്കെടുക്കാം

കൊച്ചി: ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതി അനുമതി നൽകി. അടുത്തയാഴ്ച തൃശ്ശൂരിൽ നടക്കുന്ന വിവാഹത്തിൽ പോലീസ് അകമ്പടിയോടെ പങ്കെടുക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനുമതി നൽകിയിരിക്കുന്നത്. വിവാഹത്തിന്റെ തലേന്നാളും വിവാഹ ദിവസവും രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ പങ്കെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് ജയാനന്ദന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, പരോൾ അനുവദിക്കാതെ പോലീസ് അകമ്പടിയോടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.

15 ദിവസം പരോൾ അനുവദിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, പരോൾ അനുവദിക്കുന്നതിനെ സർക്കാർ ശക്തമായി എതിർത്തു. രണ്ട് കൊലപാതകക്കേസിൽ ജയാനന്ദനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ടെന്നും രണ്ടുതവണ ജയിൽ ചാടിയിട്ടുണ്ടെന്നും സർക്കാർ വാദിച്ചു. കൊലപാതകക്കേസിൽ ആദ്യം വധശിക്ഷയ്ക്ക് ശിക്ഷിച്ചിരുന്നുവെന്നും പിന്നീട് ജീവപര്യന്തം തടവായി കുറയ്ക്കുകയായിരുന്നുവെന്നും അറിയിച്ചു.

എന്നാൽ, മകളുടെ വിവാഹം എന്ന മംഗളകരമായ ചടങ്ങിൽ പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നത്‌ കണക്കിലെടുത്താണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

എന്നാൽ, ഒാരോ അവസരത്തിലും ജയിലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിട്ടുള്ളയാൾ എന്നത് കണക്കിലെടുത്താണ് പോലീസ് അകമ്പടി വേണമെന്ന്‌ നിഷ്കർഷിച്ചിരിക്കുന്നത്.

നിലവിൽ വിയ്യൂർ അതിസുരക്ഷാ ജയിലിലാണ് ജയാനന്ദനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.

അകമ്പടിയായി പോകുന്ന പോലീസ് ഉദ്യോഗസ്ഥർ സിവിൽ വസ്ത്രം ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ജയാനന്ദനെ ജയിലിലേക്ക്‌ തിരികെ എത്തിക്കുമെന്ന് ഹർജിക്കാരിയും ഒരു മകളും തൃശ്ശൂർ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. 16 വർഷമായി ജയാനന്ദൻ തടവിലാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..