വർഗീയ താത്‌പര്യങ്ങൾ ഉണ്ടെങ്കിലും മുസ്‌ലിം ലീഗ് തീവ്രവാദ പാർട്ടിയല്ലെന്ന്-ആർ.എസ്.എസ്.


കൊച്ചി: വർഗീയ താത്‌പര്യങ്ങൾ ഉണ്ടെങ്കിലും മുസ്‌ലിം ലീഗ് ഒരു തീവ്രവാദ പാർട്ടിയല്ലെന്ന്് ആർ.എസ്.എസ്. ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് തങ്ങൾ കാണുന്നതെന്നും ആർ.എസ്.എസ്. നേതാക്കൾ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ജമാ അത്തെ ഇസ്‌ലാമിയുമായി പ്രത്യേകമായ ഒരു ചർച്ചയും നടത്തിയിട്ടില്ല. എന്നാൽ, ചർച്ചയ്ക്കു വന്ന സംഘത്തിൽ അവരുടെ പ്രതിനിധിയും ഉണ്ടായിരുന്നു. തീവ്രവാദ നിലപാട് സ്വീകരിക്കുന്ന ഒരു സംഘടനയുമായും ആർ.എസ്.എസ്. ചർച്ചയ്ക്ക് തയ്യാറല്ലെന്നും ആർ.എസ്.എസ്. പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാമും പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരനും പറഞ്ഞു.

ആർ.എസ്.എസ്. ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി അടുത്ത വർഷത്തോടെ കേരളത്തിൽ എണ്ണായിരം സ്ഥലങ്ങളിൽ സംഘ പ്രവർത്തനം എത്തിക്കുമെന്നും അവർ പറഞ്ഞു. നിലവിൽ 5359 സ്ഥലങ്ങളിലാണ് പ്രവർത്തനമുള്ളത്. മുതിർന്ന പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങി വിവിധ ശ്രേണികളിൽ പെട്ടവർക്കായി സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിലായി പരിശീലന വർഗുകൾ സംഘടിപ്പിക്കും.

അഖില ഭാരതീയ പ്രതിനിധിസഭയിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ആലപ്പുഴ ജില്ലയിലെ ബുധനൂർ, തൃശ്ശൂർ ജില്ലയിലെ തിരുവള്ളൂർ ശാഖകൾ മാതൃകകളെന്ന നിലയിൽ ഇടം പിടിച്ചു. ഇത്തരത്തിൽ നിരവധി ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ തേവയ്ക്കൽ, ചേരാനെല്ലൂർ ഗ്രാമങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. നൂറിൽ കൂടുതൽ സ്വയംസേവകരുള്ള പ്രദേശങ്ങളിൽ വരും വർഷങ്ങളിൽ ഗ്രാമവികസനത്തിന് പ്രാധാന്യം നൽകാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ലഹരി മരുന്ന് ഉപയോഗത്തിനെതിരേയുള്ള ബോധവത്കരണ പരിപാടികൾ കാര്യക്ഷമമാക്കാനും ശ്രദ്ധ നൽകും.

എളമക്കര ഭാസ്കരീയത്തിൽ നടന്ന പത്രസമ്മേളനത്തിൽ സഹ പ്രാന്തപ്രചാർ പ്രമുഖ് പി. ഉണ്ണികൃഷ്ണൻ, എറണാകുളം വിഭാഗ് പ്രചാർ പ്രമുഖ് പി.ജി. സജീവ് എന്നിവരും പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..