കണ്ണൂർ: അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിയും അസി. ജനറൽ മാനേജറുമായ സി.വി. ജീനയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. തോട്ടട വട്ടക്കുളത്തെ വീടാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് ചെയ്തത്. ചില രേഖകൾ വീട്ടിൽനിന്ന് കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. അതീവ രഹസ്യമായിട്ടായിരുന്നു റെയ്ഡ്.
കണ്ണൂർ വനിതാ സബ് ജയിലിൽ റിമാൻഡിലുള്ള ജീനയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യംചെയ്തിരുന്നു. ഡയറക്ടർമാരുടെ ഇടപാടുകൾ അറിയില്ലെന്ന് ജീന ആവർത്തിച്ചെങ്കിലും ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജീനയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ജീനയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.
ജീന മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. തലശ്ശേരി സെഷൻസ് കോടതിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
17 വർഷം കണ്ണൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ജീന ഒന്നരവർഷം മുൻപ് അവിടത്തെ മുഴുവൻ ജീവനക്കാരെയും കൂട്ടിയാണ് അർബൻ നിധി സ്ഥാപനത്തിലെത്തിയത്. ഇതോടെ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും അർബൻ നിധിക്ക് ഏജന്റുമാരെ കണ്ടെത്താനായി. കമ്പനിയിലേക്ക് നിക്ഷേപവും ഒഴുകിയെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..