ജീവനക്കാരില്ല; മലിനീകരണനിയന്ത്രണ ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ


കൊല്ലം: വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ മലിനീകരണനിയന്ത്രണ ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് സയന്റിസ്റ്റ്‌ തുടങ്ങി സുപ്രധാന തസ്തികകളിലൊന്നും ഉദ്യോസ്ഥരില്ല. പരാതികൾ തീർപ്പാക്കാൻ രാപകൽ ഭേദമില്ലാതെ അവധിദിവസങ്ങളിലും ജോലിചെയ്യുകയാണ് ഉദ്യോഗസ്ഥരിപ്പോൾ.

ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ മുഴുവൻ മലിനീകരണനിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണിപ്പോൾ. എന്നാൽ പരിശോധനകൾക്ക് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ തസ്തികയിൽ 17 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. 83 അസിസ്റ്റന്റ് എൻജിനിയർ, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് സയന്റിസ്റ്റ്, അസിസ്റ്റന്റ് എൻവയോൺമെന്റൽ സയന്റിസ്റ്റ് തസ്തികകളിൽ താത്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ജില്ലാ ഓഫീസുകളിലും ലാബുകളിലും സ്ഥിരം ജീവനക്കാരില്ല. കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന അസിസ്റ്റന്റ് എൻജിനിയർമാരുടെ സേവനകാലാവധി കഴിഞ്ഞതോടെ പലരും രാജിവെച്ചു. അസിസ്റ്റന്റ് എൻജിനിയർ തസ്തികയിൽ ഇപ്പോൾ അഭിമുഖം നടക്കുന്നുണ്ട്. ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനാൽ 16 അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കരാറടിസ്ഥാനത്തിൽ നിയമിക്കുന്നവരിൽ പലരും കരാർ കാലാവധി കഴിയുംമുമ്പ് ജോലി ഒഴിവാക്കി പോകുന്നു. ബോർഡിന്റെ പരിധിയിലുള്ള വിവിധതരം പരിശോധനകൾക്ക് ജില്ലാതല ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോൾ പോകേണ്ടിവരുന്നത്. അനുമതിപത്രം നൽകൽ, പരാതികൾ തീർപ്പാക്കൽ ഇവയ്ക്കെല്ലാം ഇതുമൂലം കാലതാമസമുണ്ടാകുന്നുണ്ട്.

ആശുപത്രിമാലിന്യങ്ങൾ, പ്ലാസ്റ്റിക്, അപകടകരമായ മാലിന്യങ്ങൾ, കെട്ടിടനിർമാണവേളയിലും പൊളിക്കൽമൂലവുമുണ്ടാകുന്ന മാലിന്യങ്ങൾ എന്നിവയിലോരോന്നിലും പ്രത്യേകം ഇടപെടലുകളും വേണം. വായു-ജല ഗുണനിലവാര പരിശോധനകളുടെ ഫലം വിലയിരുത്തേണ്ടതും ജില്ലാ ഓഫീസർമാരാണ്. ബോർഡിന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ തടസ്സങ്ങളില്ലാതെ നടക്കണമെങ്കിൽ സ്ഥിരം ജീവനക്കാരുണ്ടാകണം. നിയമനങ്ങൾ വേഗത്തിലാക്കാൻ പി.എസ്.സി.വഴി സമ്മർദം ചെലുത്തുകയാണ് ബോർഡ് അധികൃതർ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..