മൂന്നാർ: മാലിന്യനിർമാർജനത്തിൽ മാതൃകകൂടിയായ മൂന്നാർ അപ്‌സൈക്കിൾ പാർക്കിന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ ഹൈക്കോടതിയെ സമീപിച്ച് മൂന്നാർ പഞ്ചായത്ത്.
ടൗണിൽ പഞ്ചായത്ത് നിർമിച്ച പാർക്കിനും ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിനുമാണ് വൈദ്യുതി വിതരണക്കാരായ കെ.ഡി.എച്ച്.പി. കമ്പനി കണക്ഷൻ നിഷേധിച്ചത്. ഇതിന് നിരാക്ഷേപ പത്രം (എൻ.ഒ.സി) ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി.
എന്നാൽ, ഇവിടെ യാതൊരു സ്ഥിരംനിർമാണവും നടത്തിയിട്ടില്ലെന്നും താത്കാലിക സംവിധാനം മാത്രമേ ഒരുക്കിയിട്ടുള്ളൂവെന്നും പഞ്ചായത്ത് പറയുന്നു. അതിനാൽ എൻ.ഒ.സി. ആവശ്യമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കളക്ടറുടെ കത്ത് നൽകിയാൽ വൈദ്യുതി കണക്ഷൻ നൽകുമെന്ന് കെ.ഡി.എച്ച്.പി. കമ്പനി അറിയിച്ചുണ്ട്. തുടർന്ന് കളക്ടറെ പഞ്ചായത്ത് സമീപിച്ചു. എന്നാൽ, കളക്ടർ കത്ത് തന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
താലൂക്ക് വികസനസമിതിയോഗം ശുപാർശ നൽകിയിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.
തുടർന്നാണ് കളക്ടർ, വൈദ്യുതി ബോർഡ്, കെ.ഡി.എച്ച്.പി. കമ്പനി എന്നിവർക്കെതിരേ പഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഏറെ ശ്രദ്ധനേടിയ പാർക്ക്
മൂന്നാർ ടൗണിലെ മാലിന്യങ്ങൾ സംസ്കരിച്ചാണ് ബൈപ്പാസ് റോഡിന് സമീപം മൂന്നാർ പഞ്ചായത്ത് അപ്‌സൈക്കിൾ പാർക്ക് നിർമിച്ചത്. പാർക്കിലെ ഇരിപ്പിടങ്ങളും മറ്റും പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് നിർമിച്ചവയാണ്. പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് നിർമിച്ച ആന ഏറെ ശ്രദ്ധ നേടിയിരുന്നു. പഴയ വണ്ടികളുടെ സീറ്റുകളിലെ സ്പോഞ്ച് ഉപയോഗിച്ച് കാട്ടുപോത്ത്, വരയാട്, എണ്ണപ്പാട്ടകൊണ്ട് ട്രെയിൻ തുടങ്ങിയവയും ഇവിടെയുണ്ട്. തറയോടും പ്ലാസ്റ്റിക് മാലിന്യം സംസ്കകരിച്ചാണ് നിർമിച്ചത്.
വൻതോതിൽ വിനോദസഞ്ചാരികളും പാർക്കിൽ എത്തുന്നുണ്ട്. എന്നാൽ, വൈദ്യുതിയില്ലാത്തതിനാൽ ഇരുട്ടു വീണാൽ ഇവിടെ ആർക്കും പ്രവേശനമില്ല. ആസമയത്ത് മദ്യപാനികൾ ഇവിടം കൈയ്യടക്കുന്നു.
മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റി വിവരങ്ങൾ നൽകുന്നതിനാണ് 4.38 ലക്ഷം രൂപ ചെലവിട്ട് നാലുമാസം മുൻപ് ആർ.ഒ. ജങ്ഷനിൽ പഞ്ചായത്ത് ഡിജിറ്റൽ ബോർഡ് സ്ഥാപിച്ചത്. അഴിച്ചുമാറ്റാവുന്ന താത്കാലിക നിർമാണമാണ് ഇതും. വൈദ്യുതി ഇല്ലാത്തതിനാൽ ഡിജിറ്റൽ ബോർഡ് നോക്കുകുത്തിയാണ്. മൂന്നാറിൽ കെ.എസ്.ഇ.ബിയിൽനിന്ന് വൈദ്യുതിവിതരണം ചെയ്യുന്നത് കെ.ഡി.എച്ച്.പി. കമ്പനിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..