എയർ ഇന്ത്യയുടെ കരിപ്പൂർ ബേസ് സ്റ്റേഷൻ അടച്ചുപൂട്ടുന്നു


ഉദ്യോഗസ്ഥരെ മാറ്റാൻ നടപടിയായി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിലെ എയർ ഇന്ത്യ സർവീസുകൾ പിൻവലിക്കുന്നതിന്റെ മുന്നോടിയായി ബേസ് സ്റ്റേഷൻ അടച്ചുപൂട്ടാൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കാബിൻ ക്രൂ, എയർ ഹോസ്റ്റസ് തുടങ്ങിയവരുടെ ബേസ്‌സ്റ്റേഷൻ കരിപ്പൂരിൽനിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മാറ്റി. ജീവനക്കാർക്ക് കോഴിക്കോട്ട് ലഭിച്ച അടിസ്ഥാനസൗകര്യങ്ങൾ ഇതോടെ നഷ്ടമാവും.

ഷാർജ-കോഴിക്കോട്-ഷാർജ, ദുബായ്-കോഴിക്കോട്-ദുബായ് മേഖലയിലാണ് കോഴിക്കോട്ടുനിന്ന് എയർ ഇന്ത്യ സർവീസുകൾ ഉള്ളത്. വർഷം 321 സർവീസുകൾ. ഇത്രയും സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ്റ്റിന് കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതോടെ ഈ മേഖലയിലേക്കുള്ള ബിസിനസ്സ് ക്ലാസ്സോടെയുള്ള വിമാന സർവീസ് കരിപ്പൂരിന് നഷ്ടപ്പെടും.

എയർ ഇന്ത്യയുടെ ഈ നീക്കം ചരക്ക് കയറ്റുമതിയേയും ബാധിക്കും. യു.എ.ഇ. യിലേക്കാണ് കരിപ്പൂരിൽനിന്നുള്ള കയറ്റുമതിയുടെ പ്രധാനപങ്കും. ഇതിനുള്ള 321 വിമാനസർവീസുകളാണ് കരിപ്പൂരിന് നഷ്ടപ്പെടുന്നത്. എയർ ഇന്ത്യ ഉപയോഗിക്കുന്ന എ 310 ഇനം വിമാനങ്ങളിൽ 50 ടൺ ചരക്ക് കയറ്റാൻ സാധിക്കും. എയർ ഇന്ത്യ എക്സ്പ്രസ്സ് ഉപയോഗിക്കുന്ന ബി. 737-800 വിമാനങ്ങളിൽ യാത്രക്കാരുടെ ബാഗേജ് ഉൾപ്പെടെ കയറ്റാവുന്ന പരമാവധി ചരക്കുഭാരം 19 ടൺ മാത്രമാണ്.

എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത് ഒരുവർഷം പൂർത്തിയാകുന്ന സമയത്താണ് ഈ മാറ്റം. കോഴിക്കോട് വിമാനത്താവളം വന്നതുമുതൽ സർവീസ് നടത്തുന്ന കമ്പനിയാണ് എയർ ഇന്ത്യ. നേരത്തേ ഇന്ത്യൻ എയർലൈൻസായിരുന്നു ഈ സർവീസ് നടത്തിയിരുന്നത്. 2007-ലെ ഇന്ത്യൻ എയർലൈൻസ്-എയർ ഇന്ത്യ ലയനശേഷമാണ് കോഴിക്കോട് -യു.എ.ഇ. സർവീസുകൾ ഏറ്റെടുത്തത്. നിറയെ യാത്രക്കാരുമായി നടത്തിവരുന്ന 321 സർവീസ് എയർ ഇന്ത്യയ്ക്ക് വൻലാഭം നേടിക്കൊടുത്തിരുന്നു. ഈ സർവീസുകളാണ് നഷ്ടപ്പെടുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..