ചെമ്പട്ടണിഞ്ഞ കുരുംബക്കാവിൽ കോഴിക്കല്ല് മൂടി


കൊടുങ്ങല്ലൂർ: ചെമ്പട്ടണിഞ്ഞ ശ്രീകുരുംബക്കാവിൽ കോഴിക്കല്ല് മൂടി വേണാടൻ കൊടികളുയർത്തിയതോടെ ഭരണിയുത്സവത്തിന്റെ ആരവമുയർന്നു. മുളംതണ്ടിൽ താളമിട്ട് ദേവീസ്‌തോത്രങ്ങളും അമ്മേശരണം വിളികളുമുയർന്നു. ഇനി ഭരണിദിവസമായ ശനിയാഴ്ചവരെ ശ്രീകുരുംബക്കാവിൽ ആചാരാനുഷ്ഠാനങ്ങളുടെ പെരുമഴ പെയ്തിറങ്ങും.

മീനമാസത്തിലെ തിരുവോണ നാളായ ശനിയാഴ്ച 11 മണിയോടെയാണ് ഭരണിയുടെ പ്രധാന ചടങ്ങുകളിലൊന്നായ കോഴിക്കല്ല് മൂടൽ നടന്നത്. വടക്കേ നടപ്പന്തലിനോട് ചേർന്ന് വൃത്തത്തിലുള്ള രണ്ട് കോഴിക്കല്ലുകളും അവകാശികളായ ഭഗവതിവീട്ടിലെ പ്രതിനിധികൾ കുഴികുത്തി മൂടി മണൽത്തിട്ടയുണ്ടാക്കി ചെമ്പട്ട് വിരിച്ച് തച്ചോളിവീട്ടിലെ കോഴികൾ ഹാജരുണ്ടോ എന്ന് മൂന്നു തവണ വിളിച്ച് ചോദിച്ചു. ഈ സമയം ഹാജരുണ്ട് എന്ന് ഏറ്റു ചൊല്ലി തച്ചോളിവീട്ടിൽനിന്നുമുള്ള പ്രതിനിധികൾ നേർച്ചക്കോഴികളുമായി മൂന്നു തവണ പ്രദക്ഷിണം നടത്തി ചെമ്പട്ടിൽ കോഴികളെ സമർപ്പിച്ച് ചടങ്ങ് പൂർത്തിയാക്കി.

ഇതോടെ ക്ഷേത്രം അധികൃതരും ഭക്തജനങ്ങളും ചെമ്പട്ടുകളും കോഴികളും മറ്റ് വഴിപാടുകളും കോഴിക്കല്ലിൽ സമർപ്പിച്ചു. ചടങ്ങുകൾ പൂർത്തിയായതോടെ ക്ഷേത്രത്തിന്റെ തെക്കു കിഴക്കേ കോണിൽ വേണാടൻ കൊടികൾ ഉയർത്തി. പുലർച്ചെ വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജ ക്ഷേത്രത്തിലെത്തി ആദ്യദർശനം നടത്തി കാണിക്ക സമർപ്പിച്ചാണ് ഭരണി ആചാരങ്ങൾക്ക് തുടക്കം കുറിച്ചത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗങ്ങളായ മുരളി വെണ്ണല, പ്രേമരാജൻ ചൂണ്ടലാത്ത്, സെക്രട്ടറി പി.ഡി. ശോഭന, ഡെപ്യൂട്ടി കമ്മിഷണർ പി. ബിന്ദു, അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്താ, മാനേജർ കെ. വിനോദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വെള്ളിയാഴ്ച തൃച്ചന്ദനച്ചാർത്ത് പൂജയും അശ്വതികാവുതീണ്ടലും നടക്കും. ഇതോടെ കോമരക്കൂട്ടങ്ങൾ മടക്കയാത്ര ആരംഭിക്കും. ശനിയാഴ്ചയാണ് ഭരണി. ഭരണിനാളിൽ ഭഗവതിക്ക് വരിയരി പായസം നിവേദിച്ച് പള്ളിമാടത്തിൽ സങ്കല്പിച്ചിരുത്തുകയും പടിഞ്ഞാറെ നടയിൽ കൂശ്മാണ്ഡബലിക്കു ശേഷം വടക്കേ നടയിൽ വെന്നിക്കൊടികൾ ഉയർത്തുന്നതോടെ ഭരണിയുത്സവത്തിന് സമാപനമാകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..