ബ്രഹ്‌മപുരത്തു പടർന്ന തീ കെടുത്താനുള്ള ശ്രമം | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ഹരിത ട്രിബ്യൂണലിന്റെ നൂറുകോടി പിഴ കൊച്ചി കോർപ്പറേഷന് കനത്ത പ്രഹരമായി. ബ്രഹ്മപുരത്ത് മാലിന്യം കത്തി ജനങ്ങൾ ദുരിതത്തിലായതിന് വലിയ വിലയാണ് കോർപ്പറേഷൻ നൽകേണ്ടി വന്നത്. അതീവ ദയനീയ സാമ്പത്തികാവസ്ഥയിലുള്ള കോർപ്പറേഷന് പിഴയടയ്ക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയില്ല. അതിനും സർക്കാരിന്റെ സഹായം അനിവാര്യമാണ്.
ഇതിനു മുൻപും കൊച്ചി കോർപ്പറേഷനെതിരേ ഹരിത ട്രിബ്യൂണലിന്റെ ശക്തമായ വിധികൾ ഉണ്ടായിട്ടുണ്ട്. ബ്രഹ്മപുരം സംബന്ധിച്ച ഹർജികളുടെ പശ്ചാത്തലത്തിൽ 2019-ലാണ് ഹരിത ട്രിബ്യൂണൽ സംഘം പ്ലാന്റും പരിസരവും പരിശോധിക്കുന്നത്. മാലിന്യത്തിൽനിന്ന് മലിനജലം കടമ്പ്രയാറിലേക്ക് ഒഴുകാതിരിക്കാൻ ലീച്ചെറ്റ് പ്ലാന്റ് നിർമിക്കണമെന്നും ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്നും വിൻട്രോ കമ്പോസ്റ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നുമുള്ള നിർദേശങ്ങൾ അന്വേഷണ സംഘം കോർപ്പറേഷന് നൽകിയിരുന്നു. എന്നാൽ, ഇവ പാലിക്കാത്തതിനെത്തുടർന്ന് ഹരിത ട്രിബ്യൂണൽ രണ്ടുകോടി രൂപ പിഴ ചുമത്തി. അതിൽ ഒരു കോടി രൂപ കോർപ്പറേഷൻ കെട്ടിവെച്ച ശേഷം അപ്പീൽ പോയി സ്റ്റേ നേടി.
ബ്രഹ്മപുരം പ്ലാന്റിലെയും പരിസരത്തെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ തയ്യാറാകാത്തതിനാൽ 2021 ജനുവരി 13-ന് 14.92 കോടി രൂപ വീണ്ടും പിഴ ചുമത്തി. മാർച്ച് ഒൻപതിന് കൊച്ചി കോർപ്പറേഷൻ ട്രിബ്യൂണൽ ഇടക്കാലവിധിക്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടുക ബുദ്ധിമുട്ടാകും. ഹൈക്കോടതി കോർപ്പറേഷന്റെ നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ അപ്പീലിനായി സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും. അപ്പീൽ പോകണമെങ്കിൽ പിഴത്തുകയുടെ അൻപതുശതമാനം കെട്ടിവെക്കേണ്ടി വരും. അതുതന്നെ 50 കോടി വരും. സാമ്പത്തിക പരാധീനതകളിൽ നട്ടംതിരിയുന്ന കൊച്ചി കോർപ്പറേഷനെ സർക്കാർ സഹായിച്ചില്ലെങ്കിൽ കാര്യങ്ങൾ കുഴയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..