Balabhaskar | Photo: Mathrubhumi
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും അപകടമരണത്തിനിടയാക്കിയ കാർ അമിതവേഗതയിലായിരുന്നെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴിനൽകി. വാഹനം ഓടിച്ചിരുന്നത് കേസിലെ ഏകപ്രതിയായ പാലക്കാട് സ്വദേശി അർജുൻ നാരായണനാണെന്ന് കോടതിയെ അറിയിച്ച ലക്ഷ്മി പ്രതിയെ തിരിച്ചറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ തന്നെയും ബാലഭാസ്കറിനെയും മെഡിക്കൽ കോളേജിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയില്ലെന്നും ലക്ഷ്മി മൊഴിനൽകി.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ. വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കെ. ആന്റണി ഹാജരായി.
2018 സെപ്‌റ്റംബർ 25-ന് പുലർച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലഭാസ്കറിന്റെ ഏകമകൾ തേജസ്വിനി ബാല മരിച്ചു. ദിവസങ്ങൾക്കകം സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കറും മരിച്ചു. ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണനും പരിക്കുകളോടെ രക്ഷപ്പെട്ടു. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും അന്വേഷിച്ച കേസ് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ. അന്വേഷണം ശരിയായ ദിശയിലല്ലെന്നും പുനരന്വേഷണം വേണമെന്നുമുള്ള അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..