രാഷ്ട്രപതിയുടെ പ്രശംസ, അമിത് ഷായ്ക്കുള്ള മറുപടി -യെച്ചൂരി


ജനപിന്തുണ ഇനിയും കുറയുമെന്ന് യു.ഡി.എഫിന് ഓർമപ്പെടുത്തൽ

സീതാറാം യെച്ചൂരി | Photo: Screengrab

തിരുവനന്തപുരം: കേരളത്തെക്കുറിച്ച് അസത്യം പ്രചരിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രശംസയെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ബദൽ വികസനനയം നടപ്പാക്കുന്ന കേരളത്തിലെ ഇടതുസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിതന്നെ മികച്ച സാക്ഷ്യപത്രം നൽകിയെന്ന് യെച്ചൂരി പറഞ്ഞു. മാനവിക വികസന സൂചികകളിൽ കേരളം മുന്നിലെന്ന് നിതി ആയോഗ് വിലയിരുത്തി. കേന്ദ്രസർക്കാർ സ്ഥാപനത്തിനു തന്നെ സത്യം പറയാതിരിക്കാനാവുന്നില്ല. ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്നതിനാൽ, ഇടതുസർക്കാരിനെതിരേ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. ഇടതുസർക്കാരിനെ എതിർക്കുന്നവർക്ക് ഇനിയും ജനപിന്തുണ കുറയുകയേ ഉള്ളൂവെന്നും യു.ഡി.എഫിനെ ഉന്നമിട്ട് യെച്ചൂരി പറഞ്ഞു.

വർഗീയ-കോർപ്പറേറ്റ് കൂട്ടുകെട്ടാണ് മോദി ഭരണത്തിൽ നടക്കുന്നത്. ഒന്നും ഒളിച്ചുവെക്കാനില്ലെങ്കിൽ എന്തിനാണ് അദാനിയെക്കുറിച്ചുള്ള വെളിപ്പെടുത്തലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം കേന്ദ്രസർക്കാർ ഭയക്കുന്നത്? പാർലമെന്ററി വ്യവസ്ഥയനുസരിച്ച് ഭരിക്കുന്ന പാർട്ടിയുടെ കൂടുതൽ അംഗങ്ങൾ ജെ.പി.സി.യിൽ പ്രതിനിധികളായി ഉണ്ടാവും. സത്യം പുറത്തുവരുമെന്നതാണ് ഭയത്തിനു കാരണം. മോദിയെയും ബി.ജെ.പി.യെയും തുറന്നു കാണിച്ചപ്പോൾ ബി.ബി.സി.യും രാജ്യദ്രോഹികളായി. അദാനിയെക്കുറിച്ചു വെളിപ്പെടുത്തിയ ഏജൻസിയെയും രാജ്യദ്രോഹികളാക്കി -യെച്ചൂരി പറഞ്ഞു.

മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പി.ബി. അംഗം എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, ആന്റണി രാജു തുടങ്ങിയവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..