തലശ്ശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറിയായിരുന്ന എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. കേസിലെ സാക്ഷികളെ ആകാശ് ഭീഷണിപ്പെടുത്തുകയോ പ്രദേശത്ത് അക്രമമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന ആകാശിനുവേണ്ടി ഹാജരായ അഡ്വ. പി.രാജന്റെ വാദം പരിഗണിച്ചാണ് ഹർജി കോടതി തള്ളിയത്.
മട്ടന്നൂർ പോലീസിന്റെ ആവശ്യപ്രകാരം പബ്ലിക് പ്രോസിക്യൂട്ടറാണ് ജാമ്യം റദ്ദാക്കാൻ ഹർജി നൽകിയത്. ഷുഹൈബ് വധക്കേസിൽ മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് ആകാശിന് ഹൈക്കോടതി ജാമ്യം നൽകിയത്.
അടുത്തിടെ മുഴക്കുന്ന്, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിൽ കേസിൽ പ്രതിയായതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇരു പോലീസ് സ്റ്റേഷനുകളിൽ ആകാശിനെതിരെ പരാതി നൽകിയത് ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാക്കളാണ്.
മുഴക്കുന്നിൽ സ്ത്രീത്വത്തെ അപമാനിച്ച് വാട്‌സാപ്പിൽ സന്ദേശമയച്ചതിനും മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..