പഴയിടം ഇരട്ടക്കൊല: പ്രതി കുറ്റക്കാരൻ, വിധി നാളെ


2 min read
Read later
Print
Share

ലക്ഷ്യം ആഡംബരജീവിതം; പണത്തിന് വകവരുത്തിയത് പിതൃസഹോദരിയെയും ഭർത്താവിനെയും

കോട്ടയം: മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ 22-ന് വിധിക്കും. 2013 സെപ്റ്റംബർ 28-ന് തീമ്പനാൽ വീട്ടിൽ തങ്കമ്മ (68), ഭർത്താവ് ഭാസ്കരൻ നായർ (71) എന്നിവരെ കൊലപ്പെടുത്തിയ അരുൺ ശശി(31)ക്കെതിരേയാണ് വിധി. ഭവനഭേദനം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ.നാസർ നിരീക്ഷിച്ചു.

പണം മോഹിച്ചാണ്, അടുത്ത ബന്ധുക്കളെ 21 വയസ്സുകാരൻ കൊലപ്പെടുത്തിയത്. പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്കരൻ നായരുടെയും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മയുടെയും കൈവശം പണവും സ്വർണവും ധാരാളമുണ്ടാകുമെന്ന് പ്രതി കരുതിയിരുന്നു. പഴയൊരു കാർ അപകടത്തിൽപ്പെട്ട് മോശമായതിനാൽ പുതിയതിന് അരുൺ ബുക്കുചെയ്തു. ഇതിന് പണം കണ്ടെത്താൻ ഭാസ്കരൻ നായരെ സമീപിച്ചെങ്കിലും കൊടുത്തില്ല.

സെപ്റ്റംബർ 28-ന് ദമ്പതിമാർ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പോയി മടങ്ങിയെത്തിയപ്പോൾ അരുൺ ചുറ്റിക ശരീരത്തിലൊളിപ്പിച്ച് ഇവരുടെ വീട്ടിലെത്തി. ഇരുവരെയും തലയ്ക്കടിച്ചുവീഴ്ത്തി. ഭാസ്കരൻ നായരെ തലയണകൊണ്ട് ശ്വാസംമുട്ടിക്കുകയും ചെയ്തു. ഒന്നിലേറെപ്പേർ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാൻ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടിൽ ഒളിപ്പിക്കുകയുംചെയ്തു. തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾക്കുസമീപം മഞ്ഞൾപ്പൊടി വിതറി.

തങ്കമ്മയുടെ ആഭരണം വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപ കാറിന് തികയാത്തതിനാൽ മോഷണം നടത്തി അധികപണം കണ്ടെത്താൻ തീരുമാനിച്ചു. ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും കൊലപാതകികളെ കണ്ടെത്താൻ ആവശ്യപ്പെട്ടുള്ള ആക്ഷൻ കൗൺസിലും അരുണിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു. വീട്ടിലെ സാഹചര്യംവെച്ച് പോലീസ് അടുത്ത ബന്ധുക്കളെ സംശയിച്ചെങ്കിലും, അരുണിലേക്ക് അന്വേഷണമെത്തിയില്ല. ഒക്ടോബർ 19-ന് കോട്ടയം റബ്ബർ ബോർഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാർ പിടികൂടി ഇൗസ്റ്റ് പോലീസിൽ ഏല്പിച്ചത് വഴിത്തിരിവായി. ചോദ്യംചെയ്തപ്പോൾ, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാൾ ഏറ്റെടുത്തു. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോൾ പഴയിടം കൊലപാതകവും സമ്മതിച്ചു. 2014-ൽ ജാമ്യം നേടി പുറത്തിറങ്ങി ഒളിവിൽപ്പോയി. 2016-ൽ ഒരു മാളിലെ മോഷണത്തിൽ തമിഴ്നാട് പോലീസ് പിടിച്ചപ്പോഴാണ് നാട്ടിൽ പിടികിട്ടാപ്പുള്ളിയാണെന്നറിഞ്ഞത്. തമിഴ്നാട് പോലീസ് പിന്നീട് ഇയാളെ കേരള പോലീസിന് കൈമാറി. ഏഴുവർഷമായി ജയിലിലാണ്. ബിനു ഭാസ്കർ, ബിന്ദു ഭാസ്കർ എന്നിവരാണ് ഭാസ്കരൻ നായർ-തങ്കമ്മ ദമ്പതിമാരുടെ മക്കൾ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..