കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുഖ്യാകർഷണമായ പൂരത്തിന് നാടൊരുങ്ങി. തന്ത്രി കണ്ഠര് മോഹനര് ചൊവ്വാഴ്ച വൈകീട്ട് നാലിന് ഭദ്രദീപം തെളിക്കുന്നതോടെ പൂരത്തിന് തുടക്കമാകും.
11 ആനകൾ വീതം ചമയങ്ങളോടെ ഇരു ചേരികളിലായി അണിനിരക്കുന്ന പൂരത്തിന് പടിഞ്ഞാറൻ ചേരുവാരത്തിൽ ഭാരത് വിനോദും കിഴക്ക് പാമ്പാടി രാജനും തേവരുടെ തിടമ്പേറ്റും. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ 111 വാദ്യക്കാർ പഞ്ചാരിമേളം ഒരുക്കും.
2007-ൽ തൃശ്ശൂർ പൂരപ്പെരുമയുടെ പുനരാവർത്തനംപോലെ തുടങ്ങിയ തിരുനക്കരപ്പൂരം ആനപ്രേമികളുടെയും വാദ്യപ്രേമികളുടെയും ഇഷ്ടഇടമായി. പഞ്ചാരിയുടെ മധുരകാലങ്ങളും മൈതാനം ഏറ്റുവാങ്ങുന്നതോടെ കോട്ടയം ഉത്സവക്കോട്ടയാകും. പാറമേക്കാവ്, തിരുവമ്പാടി ദേശങ്ങളുടെ ചമയപ്പെരുമയും തിരുനക്കര സ്വന്തമാക്കും. നഗരപരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾക്കും പൊതുപരിപാടികൾക്കും അവധി ബാധകമല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..