അങ്കമാലി: കറുകുറ്റിയിൽ നിർമാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ ഷോ വാൾ ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചാലക്കുടി മുരിങ്ങൂർ തെക്കുമുറി കവലക്കാട്ട് കൊറ്റപുറം വീട്ടിൽ ജോണി (50), ബംഗാൾ ജയകൃഷ്ണപൂർ മുർഷിദാബാദ് സ്വദേശി അലി ഹസൻ മണ്ഡൽ (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.45-നായിരുന്നു അപകടം. ബംഗാൾ ശ്രീപതി സ്വദേശി അസ്മയിലിൻ കല്ലു (30) വിനാണ് പരിക്കേറ്റത്. കല്ലുവിനെ കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.
കറുകുറ്റി 12-ാം വാർഡിൽ ആലുക്കമുക്കിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയുടെ മുകളിൽ അലങ്കാരത്തിനായി പണിത സ്ലാബാണ് (ഷോ വാൾ) ഇടിഞ്ഞുവീണത്. ഏതാനും ദിവസമേ ആയിട്ടുള്ളൂ ഇത് പണിതിട്ട്. തൊഴിലാളികൾ ഈ ഷോ വാളിന്റെ താഴെയുള്ള സൺഷേഡിനു സമീപം നിലയിട്ടു നിന്ന് തേയ്ക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞു വീഴുകയായിരുന്നു. സ്ലാബിനൊപ്പം താഴേയ്ക്കു വീണ തൊഴിലാളികൾ അതിനടിയിൽ പെട്ടു. അലി അപകടസ്ഥലത്തുതന്നെ മരിച്ചു. ജോണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്.
നിർമാണ സ്ഥലത്ത് നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മൂന്നുപേരും സ്ലാബിന്റെ അടിവശം തേയ്ക്കാനായി നിലയുടെ മുകളിലായിരുന്നു. അടുത്തു തന്നെ നിർമാണം നടക്കുന്ന മറ്റൊരു കെട്ടിടത്തിലെ തൊഴിലാളികളാണ് സ്ലാബ് ഉയർത്തി അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
കരാറുകാരനായ കറുകുറ്റി കരിപ്പാല സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. വില്പനയ്ക്കായി നിർമിക്കുന്ന വീടാണിത്. ജോബിയുടെ നേതൃത്വത്തിൽ തന്നെയാണ് നിർമാണം. ജോബിയുടെ ബന്ധുവാണ് മരിച്ച ജോണി.
എടക്കുന്ന് കല്ലറയ്ക്കൽ തേലക്കാട് സെസ്‌നയുടെ പേരിൽ ജൂലായിലാണ് കെട്ടിടത്തിന് നിർമാണാനുമതി നൽകിയിട്ടുള്ളത്. നിർമാണത്തിലെ അപാകമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹോളോബ്രിക്സ് കട്ടകൾക്കു മുകളിലാണ് സ്ലാബ് സ്ഥാപിച്ചിരുന്നത്. കട്ടകൾക്ക് പൊട്ടൽ വീണിട്ടുണ്ട്. സ്ലാബിന് കെട്ടിടത്തിന്റെ മുൻഭാഗത്തേക്ക് തള്ളിനിൽക്കുന്നതിന് ആനുപാതികമായി പിന്നിലേക്കുള്ള നീളം ഉണ്ടായിരുന്നില്ല. മുന്നിലെ ഭാരം കൂടിയതിനാലാണ് സ്ലാബ് പൊട്ടിവീണതെന്നാണ് വിലയിരുത്തൽ.
മരിച്ച ജോണിയുടെ ഭാര്യ: നാലുകെട്ട് തേലേക്കാട്ട് കുടുംബാംഗം ജോളി. മക്കൾ: അലീന, അഞ്ജന (ഇരുവരും നഴ്‌സിങ് വിദ്യാർഥികൾ). സംസ്‌കാരം ബുധനാഴ്ച മുരിങ്ങൂർ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..