Photo: Sambhu VS Mathrubhumi
തിരുവനന്തപുരം: കെ.കെ. രമ എം.എൽ.എ.യുടെ കൈക്ക് ഒടിവില്ലെന്ന് സ്ഥാപിക്കാൻ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന എക്സ്‌റേ വ്യാജമായി തയ്യാറാക്കിയതാണെന്ന് ഡോക്ടറുടെ സ്ഥിരീകരണം. ബുധനാഴ്ച പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയപ്പോൾ രമയാണ് ഇക്കാര്യം ഡോക്ടറോട് അന്വേഷിച്ചത്.
പേര് അടക്കം വെട്ടി ഒട്ടിച്ച് വ്യാജമായി തയ്യാറാക്കിയ എക്സ്‌റേയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു. രമയുടെ കൈക്ക് പരിക്ക് മാറാത്തതിനാൽ പ്ലാസ്റ്റർ തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.
സാമൂഹികമാധ്യമങ്ങളിലെ എക്സ്‌റേ ദൃശ്യങ്ങൾ രമ ഡോക്ടറെ കാണിച്ചു. യഥാർഥ എക്സ്‌റേയുമായി ഇതിനുള്ള വ്യത്യാസങ്ങൾ ഡോക്ടർ രമയെ ബോധ്യപ്പെടുത്തുകയും ചെയ്തു. രമയുടെ അസ്ഥിബന്ധത്തിന് പരിക്കുണ്ട്. പ്ലാസ്റ്റർ മാറ്റി പരിശോധിച്ചെങ്കിലും അത് തുടരേണ്ടതിനാൽ പുതിയ പ്ലാസ്റ്റർ ഇടുകയും ചെയ്തു.
പരിക്ക് എത്രത്തോളം ഉണ്ടെന്നറിയാൻ എം.ആർ.എ. സ്കാൻ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കുള്ളിൽ എം.ആർ.എ. സ്കാൻ നടത്താനാണ് പറഞ്ഞത്. അതുവരെ പ്ലാസ്റ്റർ തുടരണമെന്നും നിർദേശിച്ചു. സ്കാനിങ്ങിനുശേഷം തുടർച്ചികിത്സ തീരുമാനിക്കാമെന്നാണ് ഡോക്ടർ അറിയിച്ചത്.
നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ. രമയുടെ അടക്കമുള്ള പ്രതിപക്ഷ എം.എൽ.എ. മാർക്കും വാച്ച് ആൻഡ് വാർഡിനും പരിക്കേറ്റത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..