വത്സമ്മ(അനുമോൾ)
കട്ടപ്പന: കാഞ്ചിയാർ പേഴുങ്കണ്ടത്ത് പുതപ്പിൽ പൊതിഞ്ഞ് വീട്ടിലെ കട്ടിലിനടിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയിൽ വ്യക്തമായി. ഒളിവിൽപ്പോയ ഭർത്താവിന്റെ മൊബൈൽ ഫോൺ തമിഴ്നാട് അതിർത്തിയോടുചേർന്ന വനത്തിൽ പോലീസ് കണ്ടെത്തി. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
ചൊവ്വാഴ്ച വൈകീട്ടാണ് വട്ടമുകുളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മയുടെ(അനുമോൾ-27) മൃതദേഹം കണ്ടെത്തിയത്. അഞ്ചുദിവസം പഴക്കമുള്ള മൃതദേഹം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെമുതൽ ബിജേഷിനെയും കാണാതെവന്നതോടെ കൊലപാതകമാണെന്ന സംശയം ശക്തമായിരുന്നു.
അനുമോളെ കാണാനില്ലെന്ന് ബിജേഷ് ശനിയാഴ്ചമുതൽ വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നു. കുട്ടിയെ തന്റെയടുത്ത് കിടത്തിയശേഷം ഭാര്യ വീടുവിട്ടുപോയെന്നാണ് ഇയാൾ പറഞ്ഞത്. ആറുവയസ്സുള്ള മകളെ തറവാട്ടുവീട്ടിൽ കൊണ്ടുപോയി വിട്ടശേഷം കട്ടപ്പന പോലീസിൽ പരാതിയും നൽകിയിരുന്നു.
ഞായറാഴ്ച അനുമോളുടെ വീട്ടുകാരും, മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
വീട്ടിലെ കട്ടിലിന്റെ അടിയിലും നന്നായി നോക്കണം എന്നുപറഞ്ഞ് ചൊവ്വാഴ്ച രാവിലെ, പോലീസ് എന്ന് പരിചയപ്പെടുത്തിയ ഒരാൾ അനുമോളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ വൈകീട്ട് ആറുമണിയോടെ പേഴുങ്കണ്ടത്തെ വീട്ടിൽച്ചെന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ബിജേഷാണ് ഫോൺ വിളിച്ചതെന്ന് സംശയിക്കുന്നു.
ബുധനാഴ്ച ഇടുക്കി സബ്കളക്ടർ അരുൺ എസ്. നായർ, കട്ടപ്പന ഡിവൈ.എസി.പി. വി.എസ്.നിഷാദ് മോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ.
പാമ്പനാർ കല്ലാർകവല പാമ്പാക്കട ജോണിന്റെയും(സാലു) ഫിലോമിനായുെടയും(ശാന്തമ്മ) മകളാണ്. സഹോദരൻ അലക്സ് (അബി). മൃതദേഹം പാമ്പനാർ കല്ലാർ കവലയിലെ സെയ്‌ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..