കൊച്ചി: മേയർ എം. അനിൽകുമാറിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം. ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ ധാർമിക ഉത്തരാവാദിത്വം ഏറ്റെടുത്ത് മേയർ രാജിവെയ്ക്കണമെന്നാണ് യു.ഡി.എഫ്. ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് കൗൺസിലിലും പുറത്തും മുന്നണി പ്രക്ഷോഭവുമായി മുന്നോട്ടുപോവുകയാണ്. ശനിയാഴ്ച അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് ജില്ലാ കളക്ടർക്ക് നൽകും. നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി നഗരം ഭരിക്കുന്നത്. യു.ഡി.എഫ്. കൊണ്ടുവരുന്ന അവിശ്വാസത്തിൽ ബി.ജെ.പി. എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്. മേയറുടെ രാജി ആവശ്യപ്പെട്ട് അവരും പ്രക്ഷോഭത്തിലാണ്. ഭരണത്തിന് കോട്ടമൊന്നും തട്ടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം. സ്വതന്ത്രന്മാരുടെ പിന്തുണയോടെ ഭരണം നിലനിർത്താനാവുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ്. പാളയത്തിലുണ്ടായിരുന്ന രണ്ടുപേർ വിട്ടുപോന്നതും ഇടതുപക്ഷത്തിന് ആശ്വാസമാകുന്നുണ്ട്.
എന്നാൽ, പ്രശ്‌നം ചർച്ചചെയ്യാനുള്ള വേദിയായാണ് കോൺഗ്രസ് പ്രമേയത്തെ കാണുന്നത്. അതിനിടെ ബ്രഹ്മപുരം ഉപ-കരാറിന്റെ സാക്ഷിയായി കോൺഗ്രസ് നേതാവിന്റെ മകൻ ഒപ്പുവെച്ചതും പാർട്ടിക്കുള്ളിൽ ചർച്ചയാവുന്നുണ്ട്. ഇതിലുള്ള എതിർപ്പ് ചില കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സർക്കാരിന് അന്വേഷിച്ച് നടപടിയെടുക്കാം. ഇക്കാര്യത്തിൽ ആരെയും സംരക്ഷിക്കുന്ന ഒരു നിലപാടും ഉണ്ടാവില്ലെന്നും പാർട്ടി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..