ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ അശ്വതി കാവുതീണ്ടി


1 min read
Read later
Print
Share

കൊടുങ്ങല്ലൂർ: ചെമ്പട്ടുടയാടകളുടെ ചുവപ്പു പകർന്ന ശ്രീകുരുംബക്കാവിൽ ഭഗവതി തൃച്ചന്ദനമണിഞ്ഞു. കിഴക്കേനടയിലെ നിലപാടുതറയ്ക്കു മുകളിൽ ചെമ്പട്ടുകുട ഉയർന്നുപൊങ്ങി. അവകാശത്തറകളിൽ കാത്തുനിന്ന കോമരക്കൂട്ടങ്ങൾ ക്ഷേത്രത്തിലേക്ക് ഇരമ്പിയാർത്ത് മൂന്ന് പ്രദക്ഷിണംവെച്ച് അശ്വതിക്കാവ് പൂകി.

അരമണിയും കാൽച്ചിലമ്പുമണിഞ്ഞ് കോമരങ്ങൾ ക്ഷേത്രത്തിന്റെ ചെമ്പോലത്തകിടുകളിൽ അടിച്ച്, വഴിപാടുകൾ ക്ഷേത്രത്തിലേക്കെറിഞ്ഞ്, കാവുതീണ്ടൽ പൂർത്തിയാക്കി. അശ്വതി നാളിൽ രാവിലെ ക്ഷേത്രാധികാരിയായ വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജ പല്ലക്കിൽ ബലിപ്പുരയിൽ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഭഗവതിക്ക് ചികത്സ വിധിക്കുന്ന പാലയ്ക്കൽ വേലൻ ദേവീദാസനും പടിഞ്ഞാറേ നടയിലെത്തി പീഠമിട്ട് ഇരുന്നു.

കുന്നത്ത് മഠം പരമേശ്വരനുണ്ണി അടികൾ, മഠത്തിൽ മഠം രവീന്ദ്രനാഥനടികൾ എന്നിവർ ചേർന്നാണ് പൂജകൾ നിർവഹിച്ചത്. പുതിയ പൂജാപാത്രങ്ങൾ ഉപയോഗിച്ച് കരിക്കിൻവെള്ളം ചേർത്ത് മഞ്ഞൾപ്പൊടി കുഴമ്പു രൂപത്തിലാക്കി തൃച്ചന്ദനമാക്കി ഭഗവതിക്ക് ആറാടി. പൂജകൾ പൂർത്തിയാക്കി അടികൾമാരും വലിയ തമ്പുരാനും ക്ഷേത്രം തന്ത്രി താമരശ്ശേരി മേയ്ക്കാട്ടുമന ശങ്കരൻനമ്പൂതിരിപ്പാടും മറ്റ് പരിവാരങ്ങളും കിഴക്കേനടയിലൂടെ പുറത്തിറങ്ങി. തമ്പുരാൻ അടികൾമാർക്ക് അധികാരദണ്ഡ് കൈമാറി. തുടർന്ന് നിലപാടുതറയിൽ എഴുന്നള്ളിയ തമ്പുരാൻ കാവ് തീണ്ടുവാൻ അനുമതി നൽകിയതിനെ സൂചിപ്പിച്ച് കീഴ്ശാന്തി ചെമ്പട്ടുകുട ഉയർത്തിക്കാണിച്ചു. ഇതോടെ പടിഞ്ഞാറേ നടയിൽ പാലയ്ക്കൽ വേലൻ ആദ്യം കാവ് തീണ്ടി. പിന്നാലെ കോമരങ്ങളും ഭക്തജനങ്ങളും കാവ്‌ തീണ്ടി. തുടർന്ന് നിലപാടുതറയിലെത്തി വലിയ തമ്പുരാന്റെ അനുഗ്രഹം വാങ്ങി.

ശനിയാഴ്ചയാണ് ഭരണി. പുലർച്ചേ കിഴക്കേനട തുറന്ന് അടികൾമാർ ഭഗവതിക്ക് വരിയരിപ്പായസം നിവേദിക്കും. തുടർന്ന് ഭഗവതിയെ പള്ളിമാടത്തിൽ സങ്കല്പിച്ചിരുത്തി വടക്കേനടയിൽ വെന്നിക്കൊടി ഉയർത്തും. അശ്വതി കാവുതീണ്ടലിനായി അടച്ച നട മാർച്ച് 31-നാണ് തുറക്കുക.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..