തിരുവനന്തപുരം: സംഗീതയെത്തിയാൽ ഈ ഗോശാല സംഗീതസാന്ദ്രമാകും... ദാസന്റെയും വിജയന്റെയും ഭാഷയിൽ പറഞ്ഞാൽ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുംപോലെ. ഗീർ, കാസർകോട് കുള്ളൻ, പോര് കാള വിഭാഗത്തിലുള്ള കൃഷ്ണ എന്നിവരെല്ലാം സംഗീതയുടെ ചുറ്റും അനുസരണയുള്ള കുഞ്ഞുങ്ങളായി നക്കിയും നുണച്ചും കൂടും. സ്വന്തം കുഞ്ഞിനെയെന്നപോലെ സംഗീത അവരെ തൊട്ടും തലോടിയും തീറ്റ നൽകും. അറവുകത്തിക്ക് ഇരയാകുമായിരുന്ന പശുക്കൾക്കായി കാട്ടാക്കട പേഴുംമൂട്ടിൽ രണ്ടിടങ്ങളിലായി അഭയകേന്ദ്രമൊരുക്കിയിരിക്കുകയാണ് നർത്തകിയായ കിഴക്കേക്കോട്ട പുത്തൻതെരുവ് സ്വദേശി സംഗീതാ അയ്യർ.
അറവുശാലയിലേക്ക് കൊണ്ടുപോയിരുന്ന മിണ്ടാപ്രാണികളുടെ മരണവെപ്രാളം പലപ്പോഴും അവർ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. നോട്ടിയെന്ന തന്റെ ഓമന നായ്‌ക്കുട്ടിയുടെ അവസാന നാളുകളാണ് ആ സമയത്ത് അവരുടെ മനസ്സിൽ തെളിഞ്ഞത്. അങ്ങനെയാണ് ഗോ ഷെൽട്ടർ എന്ന ആശയം രൂപംകൊണ്ടത്. പശുക്കളും കാളകളും പശുക്കിടാങ്ങളും ഉൾപ്പെടെ അമ്പതോളം നാൽക്കാലികളാണ് ഇപ്പോൾ ഷെൽട്ടറിലുള്ളത്.
പദ്മനാഭസ്വാമി എന്ന സ്വകാര്യട്രസ്റ്റിലെ പശുക്കളെ നഗരസഭ ഏറ്റെടുക്കുകയും പിന്നീട് ലേലത്തിൽ വയ്ക്കുകയും ചെയ്യുന്ന പത്രവാർത്ത കണ്ടതാണ് വഴിത്തിരിവായത്. തുടർന്ന് ലേലം തടയുന്നതിനായി ഹൈക്കോടതിയിൽനിന്ന് സ്‌റ്റേ വാങ്ങി പശുക്കളെ ഏറ്റെടുക്കാനുള്ള അനുമതി നേടി. മൃഗസ്‌നേഹികളായ ഒരുകൂട്ടം മനുഷ്യരുടെ സ്‌നേഹവും സാമ്പത്തികസഹായവുമാണ് ഈ ഉദ്യമം മുന്നോട്ട് കൊണ്ടുപോകുന്നതിന് കാരണം. തുടക്കത്തിൽ കുടുംബത്തിൽ നിന്ന് എതിർപ്പുകളേറെ നേരിടേണ്ടി വന്നു. പിന്നീട് പലരും പിന്തുണച്ചു. പശുക്കളുടെ ഒരുമാസത്തെ ഭക്ഷണം, ചെലവിനായുള്ള പണം എന്നിവ സ്‌പോൺസർഷിപ്പിലൂടെയും മറ്റുമാണ് കണ്ടെത്തുന്നത്.
കൽപ്പാത്തിയിലെ അഗ്രഹാരത്തിൽ ജനിച്ചു വളർന്ന സംഗീതയ്ക്ക് കുട്ടിക്കാലം മുതൽ മൃഗങ്ങളോട് പ്രിയമേറെയായിരുന്നു. വിവാഹശേഷം തിരുവനന്തപുരത്ത് താമസമാക്കി. മുൻപ് ബെംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവിയായിരുന്നു സംഗീതാ അയ്യർ. ഒപ്പം മുദ്ര എന്ന നൃത്തവിദ്യാലയവും നടത്തിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയശേഷം 2015 മുതൽ ‘നോട്ടി പെറ്റ് സാങ്ച്വറി’ എന്ന പേരിൽ പൂവാറിൽ തെരുവുനായകൾക്കായി ഒരു അഭയകേന്ദ്രവും നടത്തിവരുന്നു. ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങൾക്കായി ഒരു റെസ്‌ക്യൂ കേന്ദ്രവും നാട്ടിലൊരു നൃത്തവിദ്യാലയവുമാണ് സംഗീതയുടെ സ്വപ്നം. ഭർത്താവ് സുരേഷ് കുമാറിന്റെയും കാനഡയിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയായ മകൻ ആഷിതിന്റെയും മൃഗസ്‌നേഹികളുടെയും പിന്തുണയാണ് തന്റെ സ്വപ്നങ്ങൾക്ക് സഹായകമായതെന്ന് അവർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..