KSRTCയെ കൈവിട്ട് സര്‍ക്കാര്‍; ശമ്പളബാധ്യത ഏറ്റെടുക്കില്ല,'പരിഷ്‌കാരങ്ങളെ ജീവനക്കാര്‍ എതിര്‍ക്കുന്നു'


2 min read
Read later
Print
Share

മാറ്റങ്ങളോട് ജീവനക്കാർ മുഖംതിരിക്കുകയാണെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം

Representational Image: Mathrubhumi

കൊച്ചി: കാര്യക്ഷമതയില്ലാത്ത കെ.എസ്.ആർ.ടി.സി.യിലെ ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ദക്ഷിണേന്ത്യയിൽ ഏറ്റവും നഷ്ടത്തിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കെ.എസ്.ആർ.ടി.സി.യാണ്. മറ്റു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻപോലെ ഇതിനെയും മാറ്റിയെടുക്കാനുള്ള ശ്രമങ്ങളോട് കെ.എസ്.ആർ.ടി.സി.യിലെ ജീവനക്കാർ മുഖംതിരിക്കുകയാണ്. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നൽകിയ സത്യവാങ്മൂലത്തിലാണ് രൂക്ഷമായ കുറ്റപ്പെടുത്തൽ.

ശമ്പളവിതരണത്തിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് മറുപടി സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവർഷത്തിൽ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആർ.ടി.സി.ക്ക് നൽകിയിട്ടുണ്ട്. ശമ്പളമടക്കം നൽകാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നൽകുന്നുണ്ട്. പെൻഷൻ നൽകാനായി 62.67 കോടിയും ഈ മാസം അനുവദിക്കുന്നുണ്ട്.

സർക്കാർവകുപ്പിൽനിന്ന് വേറിട്ട സ്വതന്ത്രമായ സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. ഇത്തരം സ്ഥാപനങ്ങളുടെ ദൈനംദിനകാര്യങ്ങൾക്ക് സഹായംനൽകാൻ സർക്കാരിന് ബാധ്യതയില്ല. കോവിഡ്കാലത്ത് സഹായംനൽകിയതിന്റെ പേരിൽ എന്നും ഇത് വേണമെന്ന് അവകാശപ്പെടാനാകില്ല. ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ വിഷയമാണ്. കോടതിയുടെ പരിഗണനയിൽവരുന്ന വിഷയമല്ല. കാര്യക്ഷമതയില്ലായ്മകൊണ്ടും തൊഴിൽമികവ് ഇല്ലായ്മകൊണ്ടും പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങളെ സഹായിക്കാൻ സർക്കാരിന് ബാധ്യതയില്ല.

പരിഷ്കാരനടപടികളെ എതിർക്കാൻ തൊഴിലാളികൾ കോടതിയെയടക്കം ആശ്രയിക്കുന്നു

നിലവിൽ 17.5 ശതമാനം ബസുകൾ സർവീസ് നടത്തുന്നില്ല. പുരാതനകാലത്തെ ഡ്യൂട്ടിസംവിധാനമാണ് ഇപ്പോഴും. ഉത്‌പാദനക്ഷമത കുറയാനും അപകടത്തിനും ഇതാണ് കാരണം. വർക്‌ഷോപ്പിലും കാലഹരണപ്പെട്ട രീതികളാണ്. പരിഷ്കാരനടപടികളെ എതിർക്കുന്ന നിലപാടാണ് തൊഴിലാളികൾ സ്വീകരിക്കുന്നത്. അതിനായി കോടതിയെയടക്കം ആശ്രയിക്കുകയാണ്.

ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതിനുമുന്നോടിയായി വരുത്തേണ്ട മാറ്റത്തെപ്പറ്റി ജീവനക്കാരുമായി കരാറുണ്ടാക്കിയിരുന്നു. 14 മാസം പിന്നിട്ടിട്ടും ഇത് നടപ്പാക്കാനായിട്ടില്ല. ഒരു വ്യവസായസ്ഥാപനത്തിലെ തർക്കങ്ങൾ തൊഴിലാളി യൂണിയനുകളും മാനേജുമെന്റുകളും തമ്മിലുള്ള ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. അത് നടക്കുന്നില്ല.

2019-ൽ സമർപ്പിച്ച പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കേണ്ടത് അനിവാര്യമാണ്. 2021-22 സാമ്പത്തികവർഷം ശമ്പളവിതരണത്തിനടക്കം 2037.51 കോടിയുടെ സാമ്പത്തികസഹായമാണ് സർക്കാർ നൽകിയത്. 2020-21-ൽ 1739.81 കോടി നൽകി. 2017-18 മുതൽ 2021-22 വരെ 6731.90 കോടിയാണ് നൽകിയത്.

സാമ്പത്തികനയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി ഇടപെടരുതെന്ന് സെപ്റ്റംബറിൽ ഡിവിഷൻബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ശമ്പളവിതരണവുമായി ബന്ധപ്പെട്ട് ജീവനക്കാർ നൽകിയിരിക്കുന്ന ഹർജികൾ തള്ളണമെന്നും സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി. സന്തോഷ് കുമാർ വഴി ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..