ഞെളിയൻപറമ്പിലെ മാലിന്യക്കൂമ്പൂരത്തിൽ ജോലിയെടുക്കുന്ന തൊഴിലാളി (ഫയൽ ചിത്രം). ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: നഗരങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘അമൃത്’ പദ്ധതിയിൽ കേരളത്തെ പിന്നിലാക്കിയത് മാലിന്യസംസ്കരണത്തിലെ വീഴ്ച. കക്കൂസ് മാലിന്യ, മലിനജല സംസ്കരണപദ്ധതികൾ നടപ്പാക്കാനാകാത്തതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്.
വിവിധ മേഖലകളിലായി 2357.69 കോടിയുടെ 1012 പദ്ധതികൾക്ക് അനുമതിയുണ്ടായിട്ടും അനുവദിച്ച തുകയിൽ 69.05 ശതമാനം മാത്രമേ ചെലവിടാനായുള്ളൂ.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂർ, ഗുരുവായൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ നഗരങ്ങൾക്കായി അംഗീകാരം കിട്ടിയ 1012 പദ്ധതികളിൽ 874 എണ്ണമാണ് പൂർത്തീകരിച്ചത്. കുടിവെള്ളവിതരണം, അഴുക്കുവെള്ളം-കക്കൂസ് മാലിന്യ സംസ്‌കരണം, കാന നവീകരണം, നഗരഗതാഗതം, നഗരങ്ങളുടെ സൗന്ദര്യവത്കരണം തുടങ്ങിയവയാണ് അമൃതിൽ ഉൾപ്പെടുത്തിയത്.
മാലിന്യപ്ലാന്റുകൾക്കായി പദ്ധതിരേഖ തയ്യാറാക്കിയെങ്കിലും പലയിടത്തും ടെൻഡർ വൈകിയിരുന്നു. മൂന്നിൽത്താഴെ കരാറുകാർ വന്നിടത്തൊക്കെ രണ്ടാമതും ടെൻഡർ ക്ഷണിക്കേണ്ടിയും വ്യവസ്ഥകൾ ലഘൂകരിക്കേണ്ടിയും വന്നു. ഇതൊക്കെ അമൃതിനെ ബാധിച്ചു.
ജലവിതരണത്തിന് 1082.98 കോടിയിൽ 74.17 ശതമാനം ചെലവിട്ടപ്പോൾ സീവറേജ്, സെപ്‌റ്റേജ് മാലിന്യസംസ്കരണത്തിനുള്ള 628.87 കോടിയിൽ 43.81 ശതമാനമാണ് ചെലവിടാനായത്.
സംസ്ഥാനത്ത് അമൃതിന്റെ പണം ചെലവിട്ടതിൽ കണ്ണൂർ കോർപ്പറേഷനാണ് മുന്നിൽ-85.31 ശതമാനം. കുറവ് കൊല്ലവും-36 ശതമാനം. തിരുവനന്തപുരം-72.75, തൃശ്ശൂർ-67.09, പാലക്കാട്-83.01, കോഴിക്കോട്-57.21, കൊച്ചി-71.05, ഗുരുവായൂർ-76.79, ആലപ്പുഴ-84.87 എന്നിങ്ങനെയാണ് പണം വിനിയോഗിച്ചതിന്റെ കണക്ക്.
ആകെ പദ്ധതികൾ 1012
പൂർത്തിയായത് 874
തിരുവനന്തപുരം- 269 244
തൃശ്ശൂർ 132 101
പാലക്കാട് 146 127
കോഴിക്കോട് 50 46
കണ്ണൂർ 38 30
കൊല്ലം 56 46
കൊച്ചി 95 82
ഗുരുവായൂർ 33 19
ആലപ്പുഴ 193 179
2015 സെപ്റ്റംബർമുതൽ അഞ്ചുവർഷത്തേക്ക് മൂന്ന് വാർഷികപദ്ധതികളാണ് സംസ്ഥാനത്ത് അമൃതിൽ തുടങ്ങിയത്. കോവിഡും പ്രളയവുംമൂലം കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..