പരപ്പനങ്ങാടി: പുത്തൻ കടപ്പുറത്തെ കുന്നുമ്മൽ സൈതലവിയുടെ വീട്ടിൽ വ്യാഴാഴ്ച ആഘോഷം തിരതല്ലേണ്ടതായിരുന്നു. പ്ലസ് ടു ഫലം വന്നപ്പോൾ സൈതലവിയുടെ മകളായ അസ്ന ഫസ്റ്റ് ക്ലാസോടെ മികച്ച വിജയം നേടി. ശലഭങ്ങളെപ്പോലെ ഏഴു കുരുന്നുകൾ പാറിനടന്നിരുന്ന വീട്ടിൽ പക്ഷേ, ഈ വിജയമാഘോഷിക്കാൻ ഇന്നാരുമില്ല. നിസ്സഹായരായ സൈതലവിയും അനിയൻ സിറാജും കണ്ണീർ വറ്റിയ കണ്ണുകളുമായി മാതാവ് റുഖിയയും മാത്രം. മേയ് ഏഴിന് താനൂരുണ്ടായ ബോട്ടപകടത്തിൽ അസ്നയടക്കം സൈതലവിയുടെയും സിറാജിന്റെയും വീട്ടിലെ ഒൻപതുപേരെയാണ് നഷ്ടമായത്. സഹോദരനായ ജാബിറിന്റെ കുടുംബത്തിലെ രണ്ടുപേരെയും.
ബി.ഇ.എം. ഹയർസെക്കൻഡറി സ്‌കൂളിലാണ് അസ്‌ന പഠിച്ചിരുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ എട്ട് എ പ്ലസ് നേടി. പ്ലസ്ടുവിന് കൊമേഴ്സിനാണ് സീറ്റ് കിട്ടിയത്. അസ്‌നയുടെ സ്കൂളിൽതന്നെ പ്ലസ് വണ്ണിനായിരുന്നു അനിയത്തി ഷംലയും പഠിച്ചിരുന്നത്. വളരെ സൗകര്യം കുറഞ്ഞ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കുട്ടികളുടെ പുസ്തകവും വസ്ത്രവും സൂക്ഷിക്കാൻതന്നെ സ്ഥലമില്ലാത്ത സ്ഥിതി. മക്കളെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കണമെന്ന ആഗ്രഹം സൈതലവിക്കുണ്ടായിരുന്നു.
അപകടത്തിനു രണ്ടു ദിവസം മുൻപാണ് അസ്‌നയുടെ പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാളിന് അവൾതന്നെ മുൻകൈയെടുത്ത് ബിരിയാണി വെച്ചത് സൈതലവി വേദനയോടെ ഓർത്തു. അസ്‌നയും ഷംലയും ഒരുമിച്ച് പഠിക്കാനിരുന്നത് ഓർമയിൽ നിൽക്കുന്നുണ്ടെന്ന് പിതൃസഹോദരിയായ ആരിഫ പറഞ്ഞു. ഇരുവരും ഒന്നാം ക്ലാസ് മുതൽ ഒരു സ്‌കൂളിലാണ് പഠിച്ചിരുന്നത്. എസ്.പി.സി. കേഡറ്റായിരുന്ന അസ്‌ന, ക്ലാസിൽ ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നതായും അധ്യാപികയായ ഷാലി മാത്യു പറഞ്ഞു.
അസ്നയും അവളോടൊപ്പം വിജയമാഘോഷിക്കേണ്ട ഉമ്മ സീനത്തും സഹോദരങ്ങളായ ഷംനയും ഷഹ്‌ലയും ഫിദാ ദിൽനയുമുൾപ്പെടെ പതിനൊന്നുപേർ ഇന്നുള്ളത് അരയൻകടപ്പുറം ജുമാമസ്ജിദിലെ കബറിസ്താനിലാണ്. അറ്റ്‌ലാന്റിക് ബോട്ട് പൂരപ്പുഴയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോയത് സൈതലവിയെപ്പോലുള്ള ഒരുപാടുപേരുടെ പ്രതീക്ഷകളെ കൂടിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..