ട്യൂമർ വോക്കൽ കോഡിനെ ബാധിച്ചു; ഇനിയും നിങ്ങൾക്കെതിരേ സംസാരിക്കാൻ ഞാനുണ്ടാവില്ല


1 min read
Read later
Print
Share

തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിൽ 75 ലക്ഷത്തിന്റെ നിക്ഷേപമുള്ള ജോഷി, സഹകരണവകുപ്പു മന്ത്രിക്കും ബാങ്കിന്റെ സെക്രട്ടറി, മാനേജർ എന്നിവർക്കും വാട്സാപ്പിലൂടെ ഒരു കത്തയച്ചു. അതിൽ പറയുന്നതിങ്ങനെ- നിങ്ങളുടെ കൊടിയ വഞ്ചനയെത്തുടർന്ന്‌ എന്റെയും കുടുംബത്തിന്റെയും സാമ്പത്തിക അടിത്തറ മുഴുവനും തകർന്നുപോയത് പല പ്രാവശ്യം നേരിൽ ബോധിപ്പിച്ചിട്ടുള്ളതാണല്ലോ? രണ്ടു ദിവസം കഴിഞ്ഞാൽ തൊണ്ടയിലെ ട്യൂമർ മാറ്റാനുള്ള ശസ്ത്രക്രിയ ചെയ്യുന്നത് അമൃത ആശുപത്രിയിലാണ്. ട്യൂമർ, വോക്കൽകോഡിനെ ബാധിച്ചെന്നും സംസാരശേഷി തകരാറിലാകുമെന്നും സർജൻ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് ഇനിയും നിങ്ങൾക്കെതിരേ സംസാരിക്കാൻ ഞാനുണ്ടാകില്ല.

റോഡ് അപകടത്തെത്തുടർന്ന്‌ എട്ടു വർഷം ഊന്നുവടികളിൽ നടന്ന ഞാൻ പലരുടെയും സഹായത്തോടെ ജീവിതം തിരികെപ്പിടിച്ചു, രാപകൽ ജോലിചെയ്തുണ്ടാക്കിയതും കുടുംബവസ്തു വിറ്റതിൽ സഹോദരങ്ങൾക്കുകൂടി അവകാശപ്പെട്ടതുമായ തുക മുഴുവനും നിങ്ങളെയാണ് വിശ്വസിച്ചേൽപ്പിച്ചത്.

ജീവനോപാധി നഷ്ടപ്പെട്ട് പലിശക്കെണിയിൽപ്പെട്ട് നട്ടം തിരിഞ്ഞ ഞാൻ സഹികെട്ട്‌ ബാങ്കിലെത്തി, ആത്മഹത്യയല്ലാതെ ഒരു വഴിയുമില്ലെന്നു പറഞ്ഞപ്പോൾ “നീ എന്തു ചെയ്താലും ഞങ്ങൾക്കൊരു ചുക്കും സംഭവിക്കില്ലെ”ന്നായിരുന്നു മറുപടി. ഞാൻ ജനിച്ചപ്പോൾ എന്നെ കാണാൻ ആശുപത്രിയിലെത്തിയ ഏലംകുളം മനയിലെ ശങ്കരനാണ് എന്റെ ഗുരുസ്ഥാനത്ത് ഇന്നും. നിങ്ങൾ സ്വന്തം കാര്യത്തിനുമാത്രം ഉപയോഗിക്കുന്ന ചെങ്കൊടി ചുവപ്പിക്കാൻ എന്റെ രക്തം തരാനാകില്ല- കത്തിൽ പറയുന്നു.

ചെവിയിലെ പഴുപ്പിനും മസ്തിഷ്‌കാഘാതത്തിനും ജനുവരി 17-ന് ചികിത്സതേടിയിരുന്നു. കരുവന്നൂർ ബാങ്കിലിട്ട പണം കിട്ടാതെ ജോഷി കഷ്ടപ്പെടുന്ന വാർത്ത മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയതിനെത്തുടർന്ന് പിറ്റേന്ന് സഹകരണ വകുപ്പ് അധികൃതർ ആശുപത്രിയിലെത്തി 10 ലക്ഷം നൽകിയിരുന്നു. കഴുത്തിൽ വളരുന്ന ട്യൂമറിന് ഉടൻ ശസ്ത്രക്രിയ വേണമെന്ന്‌ േഡാക്ടർമാർ അറിയിച്ചതാണ്. അതിനായി പണം ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് സഹകരണമന്ത്രി ഉറപ്പു നൽകിയതായി ജോയന്റ് രജിസ്ട്രാർ ജനുവരി 18-ന് ആശുപത്രിയിലെത്തി അറിയിച്ചതാണ്. പക്ഷേ, പാലിച്ചില്ല.

മാപ്രാണം കുറുപ്പംറോഡ് സ്വദേശിയായ ജോഷി (52) സി.പി.എം. അംഗമായിരുന്നു. 2002 നവംബർ 29-നുണ്ടായ റോഡപകടത്തിൽ ഏഴര വർഷം കിടപ്പിലായതോടെയാണ് പാർട്ടിപ്രവർത്തനം നിർത്തിയത്. 1948-ൽ ഇ.എം.എസ്. ഇരിങ്ങാലക്കുടയിൽ ഒളിവിൽ കഴിഞ്ഞത് ജോഷിയുടെ അമ്മവീട്ടിലാണ്. ജോഷി ജനിച്ചപ്പോൾ ഇ.എം.എസ്. ആശുപത്രിയിൽ കാണാനും എത്തിയിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..