ആലപ്പുഴ: 30 പേരെ കയറ്റാൻ ശേഷിയും അനുമതിയുമുള്ളിടത്തു കുട്ടികളുൾപ്പെടെ 62 സഞ്ചാരികളുമായിപ്പോയ മോട്ടോർബോട്ട് തുറമുഖവകുപ്പു ജീവനക്കാർ പിടിച്ചെടുത്തു. ടൂറിസം പോലീസിന്റെ സഹായത്തോടെ ബലമായി പിടിച്ചുകെട്ടിയ ബോട്ടിനു 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്രാങ്കിന്റെയും ലാസ്കറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ബോട്ട് തുറമുഖവകുപ്പിന്റെ യാർഡിലേക്കു മാറ്റി.
വ്യാഴാഴ്ച ഉച്ചയ്ക്കു 12.45-ന് ആലപ്പുഴ രാജീവ് ജെട്ടിക്കു സമീപമായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളുമായി കായൽ യാത്രകഴിഞ്ഞു വരുകയായിരുന്ന എബനേസർ എന്ന ബോട്ടാണു പിടികൂടിയത്. ബോട്ട് സർവേയുടെ ഭാഗമായി തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ പുന്നമടയിലുണ്ടായിരുന്നു. അപ്പോഴാണ് ഈ ഇരുനില ബോട്ട് ശ്രദ്ധയിൽപ്പെട്ടത്. താഴത്തെ നിലയിൽ 20 പേർക്കും മുകളിൽ 10 പേർക്കും സഞ്ചരിക്കാൻ അനുമതിയുള്ള ബോട്ടിലാണ് 62 പേരെ കണ്ടത്.
നിയമലംഘനമാണെന്നും സഞ്ചാരികളെ ഇറക്കി ബോട്ട് തുറമുഖവകുപ്പിന്റെ യാർഡിലേക്കു മാറ്റണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ, ബോട്ട് ജീവനക്കാർ അതവഗണിച്ചു. ബോട്ട് കൊണ്ടുപോകാനും അവർ സമ്മതിച്ചില്ല. തുടർന്ന് വാക്കേറ്റമുണ്ടായി.
സംഘർഷത്തിേലക്കു നീങ്ങുമെന്നു കണ്ടതോടെ തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ ടൂറിസം പോലീസിന്റെ സഹായം തേടി. പോലീസെത്തി സഞ്ചാരികളെയിറക്കി ബോട്ട് തുറമുഖവകുപ്പിന്റെ ആര്യാട്ടുള്ള യാർഡിലേക്കു മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..