അങ്കമാലി: പോലീസ് ഉദ്യോഗസ്ഥരുടെ മക്കളിലും ലഹരിമരുന്നിന് അടിമകളായവരുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ. ഒരു എസ്.പി. യുടെ രണ്ട് ആൺകുട്ടികളും ലഹരിമരുന്നിന് അടിമകളായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് കമ്മിഷണർ ഇക്കാര്യം തുറന്നുപറഞ്ഞത്.
എസ്.പി. യുടെ രണ്ട് മക്കളും ലഹരിമരുന്നിന് അടിമയായത് സഹിക്കാൻ പറ്റാത്ത കാര്യമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലും അത് പ്രശ്നമായി. തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവർത്തകന്റെ കുട്ടി പോലും ലഹരിമരുന്നിന് അടിമയായി മരിക്കുന്ന സാഹചര്യമുണ്ടായി. പോലീസ് ക്വാർട്ടേഴ്‌സിന് അകത്തുതന്നെയാണ് ഇതു സംഭവിച്ചത്. ഇക്കാര്യം നമ്മൾ കണ്ണുതുറന്നു പരിശോധിക്കണം. പോലീസുകാരുടെ കുട്ടികൾ ഉൾപ്പെടെ ഒരുപാടുപേർ ലഹരിമരുന്നിന് ഇരയാകുന്നുണ്ട്.
ലഹരിമരുന്ന് പ്രശ്നം ഗൗരവത്തോടെ എടുക്കണം. ലഹരിവ്യാപനം ചെറുക്കാൻ പോലീസ് എന്തു ചെയ്യുന്നുവെന്ന് ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട്. ഇക്കാര്യത്തിൽ കാര്യക്ഷമമായി തന്നെ മുന്നോട്ടുപോകണം. ലഹരിമരുന്ന് ഉപയോഗത്തിൽ ദേശീയ ശരാശരി 2.5 ശതമാനമാണ്. കേരളത്തിലിത് 1.2 ശതമാനം മാത്രമാണ്. കേരളത്തിൽ ലഹരി ഉപയോഗം നിലവിൽ വലിയ പ്രതിസന്ധിയല്ലെങ്കിലും നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. വളരെ പെട്ടെന്നുതന്നെ ഇത് വർധിക്കാനുള്ള സാഹചര്യമുണ്ടെന്നും കെ. സേതുരാമൻ ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..