കണ്ണൂർ: സ്കൂൾ യൂണിഫോം റിബേറ്റ് ഇനത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് കിട്ടേണ്ട കോടികൾ കുടിശ്ശികയായതിനു പുറമെ, ചായത്തിന്റെയും നൂലിന്റെയും വിലയിലുണ്ടായ വൻവർധന കൈത്തറി മേഖലയ്ക്ക് ഇരുട്ടടിയായി.
ചായത്തിന്റെയും നൂലിന്റെയും വില രണ്ടുവർഷത്തിനിടയിൽ ഇരട്ടിയോളമാണ് വർധിച്ചത്.
‘യെലോ 3 ആർ.ടി’, ‘യെലോ ജി.സി.എൻ.’ എന്നീ ചായങ്ങൾക്ക് രണ്ടുവർഷം മുൻപ് കിലോയ്ക്ക് 5000 രൂപയായിരുന്നു വില. ഇപ്പോൾ 11,000 രൂപയായി. മറ്റ് ചായങ്ങളുടെ വിലയും ഇതേ തോതിൽ വർധിച്ചു.
ചായത്തിനുള്ള അസംസ്കൃതസാധനങ്ങൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. നൂലിന്റെ വിലയും കുത്തനെ കൂടി. ബെഡ് ഷീറ്റുകൾ നിർമിക്കുന്ന നൂലിന് ഒരു പെട്ടിക്ക് (4.540 കിലോ) രണ്ടുവർഷം മുൻപ് 1790 രൂപയായിരുന്നത് 2190 ആയി. മറ്റിനങ്ങളിൽപ്പെട്ട നൂലിന്റെ വിലയിലും സമാനമായ വർധനയാണ്.
സംസ്ഥാനത്തെ സഹകരണ സ്പിന്നിങ് മില്ലുകൾ ആരംഭിച്ചത് കൈത്തറി വസ്ത്രങ്ങൾക്കാവശ്യമായ നൂൽ ഉത്പാദിപ്പിക്കാനാണെങ്കിലും ഇപ്പോൾ പരുത്തിനൂലുകൾ ഉത്പാദിപ്പിക്കുന്നത് കുറവാണ്. പരുത്തിയും പോളിസ്റ്ററും ചേർന്ന പോളി-കോട്ടൺ നൂലുകളാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്.
സംസ്ഥാനത്ത് പരുത്തിനൂലുകൾ ലഭ്യമല്ലാത്തതിനാൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.എച്ച്.ഡി.സി. (നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കോർപ്പറേഷൻ) മുഖേനയാണ് കൈത്തറിസംഘങ്ങൾ നൂൽ വാങ്ങുന്നത്. കോർപ്പറേഷൻ നൂൽ വാങ്ങുന്നത് സ്വകാര്യ മില്ലുകളിൽനിന്നാണ്. സഹകരണസംഘങ്ങൾ ചേർന്നുള്ള ‘യാൺ ബാങ്ക്’ മുഖേനയാണ് സബ്സിഡി നിരക്കിൽ സംഘങ്ങൾ നൂൽ വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം സംഘങ്ങൾ യാൺ ബാങ്കിന് വൻ തുക അടയ്ക്കാനുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..