കണ്ണൂർ: സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസ് ഓട്ടം തുടങ്ങിയിട്ട് ഒരുമാസം. രൂപകല്പനയിലും സാങ്കേതികസവിശേഷതയിലും വേറിട്ടുനിൽക്കുന്ന വന്ദേഭാരത് ഓട്ടത്തിലും വരുമാനത്തിലും മുന്നിലാണ്. ഈ വേഗവണ്ടിയിൽ ഇപ്പോഴും സീറ്റുകൾ വെയിറ്റിങ്ങിലാണ്. ജൂൺ അഞ്ചുവരെ മുഴുവൻ സീറ്റും റിസർവായിട്ടുണ്ട്.
സൗകര്യമുള്ള നല്ല വണ്ടി ലഭിച്ചാൽ കൂടുതൽ പണം മുടക്കി യാത്ര ചെയ്യാൻ ആളുകൾ തയ്യാറാണെന്നതിന്റെ തെളിവാണിത്. ഒരു ഭാഗത്തേക്കുള്ള വണ്ടിയുടെ ശരാശരി ദിവസവരുമാനം 18 ലക്ഷത്തിന് മുകളിലാണ്. റെയിൽവേ പുറത്തുവിട്ട ആദ്യ ആറുദിവസത്തെ കണക്കുപ്രകാരം 2.70 കോടി രൂപയാണ് ടിക്കറ്റ് വിറ്റ് കിട്ടിയത്.
ഏപ്രിൽ 25-നാണ് പ്രധാനമന്ത്രി വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. പൂർണ വേഗം കൈവരിക്കാനായില്ലെങ്കിലും അതിനായി പാളങ്ങളുടെ നവീകരണം തുടങ്ങിയിട്ടുണ്ട്. മറ്റു വണ്ടികളുടെ സമയക്രമങ്ങളെ ബാധിക്കാതിരിക്കാൻ വന്ദേഭാരതിന്റെ സമയക്രമം മാറ്റിയിട്ടുമുണ്ട്. 28 മുതൽ കാസർകോട് അഞ്ച് മിനിറ്റ് നേരത്തേയെത്തും.
പണി തുടങ്ങി; ശീലങ്ങൾ മാറി
തീവണ്ടി വേഗം 130 കിലോമീറ്റർ എത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ തിരുവനന്തപുരം-കോഴിക്കോട് (400 കിലോമീറ്റർ), കണ്ണൂർ-കോഴിക്കോട് (89 കിലോമീറ്റർ) എന്നിവയുടെ നവീകരണമാണ് തുടങ്ങിയത്. ഓട്ടോമാറ്റിക് വാതിലായതിനാൽ ഓടിക്കയറുന്നതും വാതിൽപടിയിൽ ഇരിക്കുന്നതുമായ ശീലങ്ങൾ വന്ദേഭാരതിൽ നടക്കില്ല. അനുവദിച്ച രണ്ടുമിനിറ്റിനുശേഷം വാതിലടയും. 30 കിലോമീറ്റർ വേഗം കുറച്ച് ഓടേണ്ടിവരുന്ന ചെറുവത്തൂർ കാര്യങ്കോട് പഴയ പാലം മാറ്റി പുതിയത് സജ്ജമാക്കിയിട്ടുണ്ട്.
മാറ്റം വന്നുതുടങ്ങി
വന്ദേഭാരതിന്റെ വരവിനുശേഷം പാളം പണിക്ക് വേഗം വന്നു. പാലങ്ങളുടെ ഗർഡറുകൾ മാറ്റൽ, പഴയ പാളം മാറ്റൽ ഉൾപ്പെടെ നടക്കുന്നു. സംസ്ഥാനത്തെ തീവണ്ടികളുടെ വേഗം കൂട്ടാനുള്ള പദ്ധതിക്കുവേണ്ടിയുള്ള സർവേ തുടങ്ങുകയാണ്.
പി. കൃഷ്ണകുമാർ,
ജനറൽ സെക്രട്ടറി, തൃശ്ശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..