അക്രമകാരികളായ കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് മടി


1 min read
Read later
Print
Share

കൊല്ലം: പിഞ്ചുകുഞ്ഞുങ്ങളെയടക്കം കാട്ടുപന്നികൾ ആക്രമിക്കുന്നത് തുടരുമ്പോഴും അവയെ കൊന്നൊടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് മടി. ജനവാസമേഖലകളിൽ പെറ്റുപെരുകുന്ന കാട്ടുപന്നികൾ വൻതോതിൽ കൃഷിനാശവും ഉണ്ടാക്കുന്നുണ്ട്.

നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാൻ കഴിഞ്ഞവർഷംമുതലാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അധികാരം നൽകിയത്. ഒരുവർഷമായിട്ടും പല പഞ്ചായത്തുകളും കൊന്നൊടുക്കിയത് കുറച്ചുമാത്രം പന്നികളെയാണ്. ശല്യം രൂക്ഷമായ മലയോരമേഖലകളിലെ പഞ്ചായത്തുകൾ അധികാരം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയും നൂലാമാലകളും ചൂണ്ടിക്കാട്ടി ചില പഞ്ചായത്തുകൾ കാട്ടുപന്നികളെ കൊല്ലുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്.

മനുഷ്യജീവന് ഭീഷണിയാകുന്ന ജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയത്‌. എന്നാൽ ഇത്‌ ഫലപ്രദമായി പലരും വിനിയോഗിക്കുന്നില്ല. തോക്ക് ലൈസൻസുള്ളയാളെയാണ് പന്നികളെ കൊല്ലാൻ കണ്ടെത്തേണ്ടത്. പലയിടങ്ങളിലും ഇത് പ്രതിസന്ധിയാണ്. കൊല്ലുന്നയാൾക്ക് ആയിരംമുതൽ രണ്ടായിരം രൂപവരെ പ്രതിഫലമായി നൽകണം. പന്നികളുടെ എണ്ണം കൂടുതലാണെങ്കിൽ തുക ഉയരും. ചത്ത പന്നികളെ സംസ്കരിക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. ഇതിനായി മണ്ണുമാന്തിയന്ത്രമടക്കമുള്ളവ എത്തിക്കേണ്ടിവരുന്നതോടെ ചെലവ് ഉയരും.

സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചോ വിഷംവെച്ചോ വൈദ്യുതാഘാതമേൽപ്പിച്ചോ പന്നികളെ കൊല്ലാൻ പാടില്ലെന്ന് നിർദേശമുണ്ട്. പന്നികളെ കൊല്ലാനുള്ള ഉത്തരവ്, ആരാണ് കൊന്നത്, എവിടെയാണ് മറവുചെയ്തത് തുടങ്ങിയ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. എന്നാൽ ഇതിനെല്ലാം സമയവും മനുഷ്യവിഭവശേഷിയും വിനിയോഗിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് ചില പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പന്നിശല്യം കൂടുതലുള്ള മേഖലകളിൽ, പരിഹാരംതേടി നാട്ടുകാർ വനംവകുപ്പ് അധികൃതരെ ഇപ്പോഴും സമീപിക്കുന്നുണ്ട്. എന്നാൽ പഞ്ചായത്തുകൾക്കാണ് അധികാരമെന്നുപറഞ്ഞ് അവരെ മടക്കി അയയ്ക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എത്ര പന്നികളെ ഒരുവർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾ കൊന്നൊടുക്കിെയന്നതു സംബന്ധിച്ച് വനംവകുപ്പിലും കൃത്യമായ കണക്കില്ല.

അധികാരം ഫലപ്രദമായി വിനിയോഗിക്കണം

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം ഫലപ്രദമായി ഉപയോഗിക്കണം. ഇതുസംബന്ധിച്ച നിർദേശം സ്ഥാപനങ്ങൾക്ക്‌ നൽകിയിരുന്നതാണ്‌.

-എം.ബി.രാജേഷ്‌, തദ്ദേശസ്വയംഭരണവകുപ്പ്‌ മന്ത്രി

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..