തിരുവനന്തപുരം: കേന്ദ്രസർക്കാർ 300 രൂപ തറവില നിശ്ചയിച്ച് റബ്ബർ സംഭരിക്കണമെന്നാവശ്യപ്പട്ട് കർഷകസംഘം രാജ്ഭവനു മുന്നിൽ 24 മണിക്കൂർ രാപകൽ സമരം ആരംഭിച്ചു.
റബ്ബറിന് 300 രൂപ വില നിൽകിയാൽ ബി.ജെ.പി.ക്ക് കേരളത്തിൽ സീറ്റ് ലഭിക്കുമെന്ന് ചില ക്രൈസ്തവ സഭാധ്യക്ഷന്മാരുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സി.പി.എമ്മിന്റെ കർഷകസംഘടനയായ കർഷകസംഘവും ഇതേ ആവശ്യമുന്നയിച്ചു രംഗത്തെത്തിയത്. മതമേലധ്യക്ഷന്മാരുടെ ആവശ്യത്തോട് അനുഭാവപൂർവം പ്രതികരിച്ച് നേരത്തേ ബി.ജെ.പി. നേതാക്കളും രംഗത്തെത്തിയിരുന്നു.
സമരം കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. വിജുകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. നരേന്ദ്രമോദി സർക്കാരും കോൺഗ്രസ് നേതാക്കളും റബ്ബർക്കർഷകരോടും സാധാരണ കർഷകരോടും ചെയ്ത ദ്രോഹത്തിനു മാപ്പുപറയണമെന്ന് വിജുകൃഷ്ണൻ ആവശ്യപ്പെട്ടു. ഇരു പാർട്ടികളും ചെയ്ത നടപടികളാണ് ഇന്ത്യൻ കർഷകരുടെ തകർച്ചയ്ക്കു കാരണം. മുപ്പതു വർഷത്തിനിടെ, കടക്കെണിയിലായതിനെത്തുടർന്ന് നാലുലക്ഷത്തിലധികം കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഇതിൽ ഭൂരഹിതരായ കർഷകരുടെ കണക്ക് ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിതി ആയോഗ് തീരുമാനം പുനഃപരിശോധിക്കുക, റബ്ബറധിഷ്ഠിത വ്യവസായ പദ്ധതികൾക്ക് കേന്ദ്രം ധനസഹായം നൽകുക, റബ്ബറിനെ കാർഷികവിളയായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചായിരുന്നു സമരം. എം.വിജയകുമാർ അധ്യക്ഷനായി. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, എം.സ്വരാജ്, എം.എം.മണി, ആനാവൂർ നാഗപ്പൻ, ഗോപി കോട്ടമുറിക്കൽ, വി.ജോയി, എസ്.കെ.പ്രീജ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..