സ്വകാര്യ ആശുപത്രിക്കും വേണം സുരക്ഷ- സര്‍ക്കാരിനോട് കോടതി


2 min read
Read later
Print
Share

സർക്കാർ ആശുപത്രികളുടെ സുരക്ഷയ്ക്ക് എസ്.ഐ.എസ്.എഫ്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: സർക്കാർ ആശുപത്രികളുടെ സുരക്ഷയ്ക്ക് സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്.) നിയോഗിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ആവശ്യപ്പെട്ടാൽ സ്വകാര്യ ആശുപത്രികൾക്കും സുരക്ഷനൽകുന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് നിർദേശിച്ചു. സ്വകാര്യ ആശുപത്രികൾക്ക് സേവനം നൽകേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.

സർക്കാരിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങൾക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങൾക്കും സുരക്ഷനൽകാൻ 2011-ലാണ് സംസ്ഥാന വ്യവസായ സംരക്ഷണസേന രൂപവത്കരിച്ചത്. കൂടുതൽ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാൻ സേന വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 979 പേരുള്ള സേനയുടെ അംഗബലം മുവായിരമായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരണം.

സംരക്ഷണംവേണ്ട സർക്കാർ ആശുപത്രികളുടെ മുൻഗണനാക്രമം അറിയിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും ആശുപത്രികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

പ്രതികളെ മജിസ്‌ട്രേറ്റിനും ഡോക്ടർമാർക്കും മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കാൻ പോലീസ് തയ്യാറാക്കിയ പ്രോട്ടോകോൾ സർക്കാർ പരിഗണനയിലാണ്. പ്രതിക്ക്‌ ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യമില്ലാതെ ഡോക്ടറോടു സംസാരിക്കാനുള്ള അവസരമടക്കം ലഭ്യമാക്കുംവിധമാണ് കരട്. ഇതു കോടതിക്ക്‌ കൈമാറി. അന്തിമമാക്കും മുൻപ് ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ, ആരോഗ്യ സർവകലാശാല, ഐ.എം.എ. കേരള ചാപ്‌റ്റർ, കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ, കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ എന്നിവരുടെ അഭിപ്രായം കേൾക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും പ്രോട്ടോകോളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ആരോഗ്യ സർവകലാശാല നൽകിയ ഹർജിയടക്കമാണ് പരിഗണിച്ചത്.

പ്രതികളുടെ കൈയിൽ ആയുധമില്ലെന്ന് ഉറപ്പാക്കണം

പ്രതികളെ മജിസ്ട്രേറ്റിന് മുന്നിലും ആരോഗ്യ പരിശോധനകൾക്കും ഹാജരാക്കുമ്പോൾ അവരുടെ കൈവശം ആയുധമില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വന്ദന ദാസിന്റെ മരണം നിർഭാഗ്യകരമായിരുന്നു. അത്തരമൊരു ആക്രമണം പോലീസും കരുതിയില്ല. അതുണ്ടാകരുതായിരുന്നു. പോലീസും വലിയ സമർദത്തിലാണ്. പോലീസിനൊപ്പം ഉണ്ടായിരുന്ന ഹോംഗാർഡ് അലക്സ് കുട്ടിക്ക്‌ ഏഴു കുത്താണേറ്റത്. അദ്ദേഹമെടുത്ത റിസ്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. എന്നിട്ടും പോലീസ് സമരം ചെയ്തില്ലെന്ന് സീനിയർ ഗവൺമെന്റ് പ്ലീഡർ എസ്. കണ്ണൻ പറഞ്ഞപ്പോൾ പോലീസ് സമരംചെയ്താൽ എല്ലാം തകരുമെന്ന് കോടതി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കെതിരേ ആക്രമണം ഉണ്ടായാൽ ഒരു മണിക്കുറിനുള്ളിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കണം

നഷ്ടപരിഹാരം പരിഗണനയിൽ

വന്ദന ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ചു. വന്ദനയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്.

Content Highlights: security for hospitals

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..