രാജപുരം: നാഫെഡിനുവേണ്ടി പച്ചത്തേങ്ങ സംഭരിച്ച വകയിൽ കർഷകർക്ക് ലഭിക്കാനുള്ള സംസ്ഥാനവിഹിതം ബാങ്ക് അക്കൗണ്ടിൽ ഉടൻ എത്തും. കർഷകരുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് സംസ്ഥാനം നൽകാൻ നിശ്ചിയിച്ചിരുന്ന സഹായം മാർക്കറ്റ്ഫെഡ് വഴി കർഷകർക്ക് നൽകാൻ ഉത്തരവ് ഇറങ്ങിയത്.
കൊപ്രയ്ക്ക് വിലയിടിഞ്ഞതോടെ കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്ന് 2022-ലാണ് നാഫെഡിനുവേണ്ടി സംസ്ഥാനത്തുനിന്ന് കൊപ്ര സംഭരിച്ചത്. 50,000 മെട്രിക് ടൺ സംഭരിക്കാനായിരുന്നു നിർദേശമെങ്കിലും രണ്ടുഘട്ടങ്ങളിലായി എട്ടുമാസംകൊണ്ട് 250-മെട്രിക് ടൺ മാത്രമാണ് സംഭരിച്ചത്. സാങ്കേതികപ്രശ്‌നങ്ങളും മറ്റും കാരണം മാർക്കറ്റ് ഫെഡിന് കീഴിലുള്ള മൂന്ന് സഹകരണസംഘങ്ങൾ മാത്രമാണ് പച്ചത്തേങ്ങ സംഭരിച്ച് നാഫെഡിന് കൊപ്രയാക്കി നൽകാൻ മുന്നോട്ടുവന്നത്. 28.60 രൂപ കേന്ദ്രസർക്കാരും 3.40 രൂപ സംസ്ഥാനസഹായവും കണക്കാക്കി കിലോയ്ക്ക് 32 രൂപ നിരക്കിലായിരുന്നു പച്ചത്തേങ്ങ സംഭരണം. തുടർന്ന് സംഘങ്ങൾ സംഭരിച്ച തേങ്ങ കൊപ്രയാക്കി നാഫെഡിന് കൈമാറി ദിവസങ്ങൾക്കകം കേന്ദ്രസർക്കാർ നൽകുമെന്ന് അറിയിച്ച 28.60 രൂപ കർഷകർക്ക് ലഭിച്ചു. എന്നാൽ സംസ്ഥാന സഹായം നീളുകയായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായത്.
രണ്ടുഘട്ടങ്ങളിലായി പച്ചത്തേങ്ങ സംഭരിച്ച ഇനത്തിൽ 31,06,215 രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. ഈ തുക പഴം-പച്ചക്കറികൾക്ക് വിപണിയിൽ വിലസ്ഥിരതയും അടിസ്ഥാനവിലയും ഉറപ്പാക്കാൻ നടപ്പ് സാമ്പത്തികവർഷത്തിൽ നീക്കിവെച്ചിട്ടുള്ള തുകയിൽനിന്ന് മാർക്കറ്റ് ഫെഡ് വഴി വിതരണം ചെയ്യാനാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. തുക മാർക്കറ്റ് ഫെഡ് ഡയറക്ടർക്ക് കൈമാറാനുള്ള അനുമതി കാർഷിക വികസന കർഷകക്ഷേമവകുപ്പ് ഡയറക്ടർക്ക് നൽകുന്നതായും ഉത്തരവിൽ പറയുന്നു. കർഷകർക്ക് ലഭിക്കാനുള്ള സംസ്ഥാനസർക്കാരിന്റെ സഹായം വൈകുന്നതുമായി ബന്ധപ്പെട്ട് ‘മാതൃഭൂമി’ വാർത്തകൾ നൽകിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..