ആലപ്പുഴ: സംസ്ഥാന സർക്കാർ നിർദേശപ്രകാരം റേഷൻകടകളിൽ കെ-സ്റ്റോർ തുടങ്ങിയ വ്യാപാരികൾ വെട്ടിലായി. പൊതുവിപണിയെക്കാൾ വിലക്കുറവിൽ സാധനങ്ങൾ നൽകാൻ കഴിയാത്തതിനാൽ കച്ചവടം തീരെക്കുറവാണ്. വെളിച്ചെണ്ണയ്ക്കു നിശ്ചയിച്ചിരിക്കുന്ന വില പൊതുവിപണിയെക്കാൾ കൂടുതലായതും തിരിച്ചടിയായി.
പൊതുവിപണിയിൽ ഒരുലിറ്റർ വെളിച്ചെണ്ണ പാക്കറ്റിന് 145-150 രൂപയേയുള്ളൂ. എന്നാൽ, കെ-സ്റ്റോറിൽ അതിനു 156 രൂപ നൽകണം. തേയില, മുളുകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മസാലപ്പൊടി തുടങ്ങിയ ഭൂരിഭാഗം ഉത്പന്നങ്ങൾക്കും പൊതുവിപണിയിലേതിനു തുല്യമായ വിലയാണ്. അതിനാൽ റേഷൻ വാങ്ങാനെത്തുന്നവർപോലും കെ-സ്റ്റോറിനോടു മുഖംതിരിക്കുകയാണ്.
ഉഴുന്ന്, കടല, ചെറുയപയർ, വൻപയർ, പരിപ്പ് തുടങ്ങിയവയ്ക്ക് ആവശ്യക്കാരുണ്ട്. എന്നാൽ, ഇവ കെ-സ്റ്റോറിലൂടെ വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. ശബരി ഉത്പന്നങ്ങൾക്കുപുറമെ മിൽമയുടെ നെയ്യ്, പേട, വെർമിസെല്ലി തുടങ്ങിയവ മാത്രമാണു കെ-സ്റ്റോറിലുള്ളത്. ഇവയ്ക്കും ആവശ്യക്കാരില്ല.
സംസ്ഥാനത്തെ 108 റേഷൻ കടകളിലാണ് ഒരാഴ്ച മുൻപ് കെ-സ്റ്റോർ തുടങ്ങിയത്. രണ്ടുലക്ഷത്തോളം രൂപയാണ് ഓരോ റേഷൻ വ്യാപാരിക്കും ചെലവായത്. ഈ വർഷം ആയിരം റേഷൻ കടകളിൽക്കൂടി കെ-സ്‌റ്റോർ തുടങ്ങാനാണു സർക്കാർ ശ്രമം. കെ-സ്റ്റോർ ലാഭകരമല്ലെന്നറിഞ്ഞതോടെ പലരും താത്പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ്.
ബാങ്കിങ് സേവനം തുടങ്ങിയില്ല; ഉടമകൾക്കു പരീക്ഷാപ്പേടി
: കെ-സ്റ്റോറിൽ ഇതുവരെ ബാങ്കിങ് സേവനങ്ങൾ തുടങ്ങാനായിട്ടില്ല. അതിനായി ബാങ്കുകളെ സമീപിച്ചപ്പോൾ പരീക്ഷ പാസാകണമെന്നാണു പറയുന്നതെന്നു കെ-സ്റ്റോർ ഉടമകൾ പറയുന്നു. പരീക്ഷ എഴുതിയാലേ ബാങ്കിങ് സേവനം ലഭിക്കൂവെന്ന് കെ-സ്റ്റോറിന് അപേക്ഷ ക്ഷണിച്ചപ്പോഴോ അനുവദിച്ചപ്പോഴോ പറഞ്ഞിരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.
വെള്ളക്കരം, വൈദ്യുതിച്ചാർജ് തുടങ്ങിയവ അടയ്ക്കാനുള്ള സംവിധാനം മാത്രമാണിപ്പോഴുള്ളത്. സ്മാർട്ട് ഫോണിലൂടെ എല്ലാവർക്കും ഈ ബില്ലുകൾ അടയ്ക്കാം. അതിനാൽ, സർക്കാർ ഓഫീസുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യമാണ് കെ-സ്റ്റോറിൽ അനുവദിക്കേണ്ടതെന്നാണു വ്യാപാരികൾ ആവശ്യപ്പെടുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..