കമ്യൂണിറ്റി മെരിറ്റ് ഇനി പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ മാത്രം


2 min read
Read later
Print
Share

ഹയർസെക്കൻഡറി പ്രവേശനം

ഹരിപ്പാട്: ഹയർസെക്കൻഡറി പ്രവേശനത്തിനു കമ്യൂണിറ്റി മെരിറ്റ് സീറ്റുകൾ ഇനിമുതൽ പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ സ്കൂളുകളിൽ മാത്രമാക്കി സർക്കാർ വിജ്ഞാപനം. കഴിഞ്ഞവർഷത്തെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട കേസുകളിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഇതോടെ പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകൾ അല്ലാത്ത എയ്ഡഡ് സ്കൂളുകളിലെ ഓപ്പൺമെരിറ്റ് സീറ്റുകൾ 60 ശതമാനമായി ഉയർന്നു. സർക്കാർ സ്കൂളുകളിൽ ഓപ്പൺമെരിറ്റ് 42 ശതമാനമാണ്.

നേരത്തേ പിന്നാക്ക, ന്യൂനപക്ഷ മാനേജുമെന്റുകൾ അല്ലാത്ത എയ്ഡഡ് സ്കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട 30 ശതമാനമായിരുന്നു. കഴിഞ്ഞവർഷം അത് 20 ആയി കുറയ്ക്കുകയും ബാക്കി 10 ശതമാനം അതതു സമുദായത്തിലെ കുട്ടികൾക്ക് മെരിറ്റ് അടിസ്ഥാനത്തിൽ നൽകുകയും ചെയ്തിരുന്നു. സമുദായം നിർവചിക്കാത്ത മാനേജ്‌മെന്റുകളുടെ സ്കൂളുകളിലെ ഈ 10 ശതമാനം സീറ്റുകൾ പൊതുമെരിറ്റിലേക്കു മാറ്റുകയും ചെയ്തു. മാനേജ്‌മെന്റ് ക്വാട്ട കുറച്ചതും സീറ്റുകൾ പൊതുവിഭാഗത്തിലേക്കു മാറ്റിയതുമായി ബന്ധപ്പെട്ടാണു ഹൈക്കോടതിയിൽ കേസുണ്ടായത്.

മാനേജ്‌മെന്റ് ക്വാട്ട 20 ശതമാനമായി കുറച്ചത് ശരിവെച്ച ഹൈക്കോടതി ബാക്കി 10 ശതമാനം സീറ്റുകൾ ബന്ധപ്പെട്ട സമുദായത്തിലെ കുട്ടികൾക്കായി നീക്കിവെച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി. പകരം ഈ സീറ്റുകൾ പൊതുവിഭാഗത്തിലേക്കു മാറ്റിക്കൊണ്ട് ഉത്തരവിട്ടു. ഫലത്തിൽ പിന്നാക്ക -ന്യൂനപക്ഷ മാനേജ്‌മെന്റുകളുടേതല്ലാത്ത എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്‌മെന്റ് ക്വാട്ടയിൽ നിലനിർത്തും. ബാക്കി 60 ശതമാനം പൊതുവിഭാഗത്തിലും 20 ശതമാനം പട്ടികജാതി -പട്ടികവർഗ സംവരണ വിഭാഗത്തിലേക്കുമായി മാറ്റും. ഇതോടെ മാനേജ്‌മെന്റുകൾക്കു ലഭിച്ചിരുന്ന 10 ശതമാനം സീറ്റുകൾ നഷ്ടമാകും.

സീറ്റു സംവരണം ഇങ്ങനെ

സർക്കാർ സ്കൂളുകൾ: ഒാപ്പൺമെരിറ്റ് -42 ശതമാനം, ഈഴവ -8, മുസ്‌ലിം -7, ലത്തീൻ കത്തോലിക്ക(എൽ.എസ്.എ.) -3, ഒ.ബി.എക്‌സ്. -1, ധീവര -2, വിശ്വകർമ -2, കുടുംബി -1, കുശവൻ -1, ഒ.ബി.എച്ച്. -3, പട്ടികജാതി -12, പട്ടികവർഗം -8, ഇ.ഡബ്ല്യു.എസ്. -10.

ന്യൂനപക്ഷ -പിന്നാക്ക മാനേജുമെന്റുകൾ അല്ലാത്ത മറ്റ് എയ്ഡഡ് സ്കൂളുകൾ: ഓപ്പൺ മെരിറ്റ് -60 ശതമാനം, മാനേജ്‌മെന്റ് ക്വാട്ട -20, പട്ടികജാതി -12, പട്ടികവർഗം -8.

ന്യൂനപക്ഷ -പിന്നാക്ക മാനേജ്‌മെന്റുകളുടെ എയ്ഡഡ് സ്‌കൂളുകൾ: ഓപ്പൺമെരിറ്റ് -40 ശതമാനം, മാനേജ്‌മെന്റ് ക്വാട്ട -20, കമ്യൂണിറ്റി ക്വാട്ട -20, പട്ടികജാതി -12, പട്ടികവർഗം -8.

അൺ എയ്ഡഡ് സ്കൂളുകൾ: ഓപ്പൺമെരിറ്റ് -40, മാനേജ്‌മെന്റ് ക്വാട്ട -40, പട്ടികജാതി -12, പട്ടികവർഗം -8.

ബോണസ് പോയിന്റിനു നിയന്ത്രണം

: പത്താം ക്ലാസിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്കു പ്ലസ്‌വൺ പ്രവേശനത്തിൽ ബോണസ് പോയിന്റ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് എൻ.സി.സി., എസ്.പി.സി., സ്കൗട്ട് രാജ്യപുരസ്കാരം, ലിറ്റിൽ കൈറ്റ്‌സ് എ ഗ്രേഡ് എന്നിങ്ങനെയുള്ള ബോണസ് പോയിന്റുകൾ അനുവദിക്കില്ല.

പരമാവധി ബോണസ് പോയിന്റ് 10 ആയിരിക്കും. എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്‌സ് എന്നിവയിൽ ഏതെങ്കിലും ഒരുവിഭാഗത്തിലെ ബോണസ് പോയിന്റ് മാത്രമേ ഒരാൾക്ക് അനുവദിക്കൂ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..