കണ്ണൂർ: കൗണ്ടറിൽ നിന്നെടുക്കുന്ന തത്കാൽ ടിക്കറ്റിന്റെ ഫോട്ടോ എടുത്ത് തീവണ്ടിയാത്ര ചെയ്യുന്നത് തടയാൻ കർശന പരിശോധനയുമായി റെയിൽവേ. പേപ്പർ ടിക്കറ്റിന്റെ ഒറിജിനൽ പരിശോധകരെ കാണിച്ചാൽ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. തിരക്ക് കുറഞ്ഞ റെയിൽവേ കൗണ്ടറുകളിൽനിന്ന് ഏജൻസികൾ തത്കാൽ ടിക്കറ്റ് എടുത്ത് വൻവിലയ്ക്ക് വിൽക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി കർശനമാക്കുന്നത്.
റെയിൽവേ നിയമപ്രകാരം സ്റ്റേഷൻ കൗണ്ടറിൽ നിന്നെടുക്കുന്ന ഏത് ടിക്കറ്റിന്റെയും ഒറിജിനൽ യാത്രാവേളയിൽ കാണിക്കണം. ഏജൻസികൾ വൻ തുക വാങ്ങി പേപ്പർ ടിക്കറ്റിന്റെ ഫോട്ടോ എടുത്ത് വാട്ട്‌സാപ്പിൽ അയച്ചുകൊടുക്കും. മറ്റു സംസ്ഥാനങ്ങളിലെ ഏതെങ്കിലും ചെറിയ സ്റ്റേഷനിൽനിന്ന് ബുക്ക് ചെയ്ത ടിക്കറ്റായിരിക്കും ഇത്.
തിരിച്ചറിയൽ കാർഡും പി.എൻ.ആർ. നമ്പറും ഒത്തുനോക്കി ടിക്കറ്റിന്റെ ഫോട്ടോ കോപ്പിയുമായി യാത്രചെയ്യാൻ വിടുന്ന പരിഗണന ഇനി കിട്ടില്ലെന്ന സൂചനയാണ് റെയിൽവേ നൽകുന്നത്.
ചിലർ നിയമം അറിയാതെയും മറ്റു ചിലർ അറിഞ്ഞും യാത്രയിൽ കുടുങ്ങുന്നു. മറ്റു ടിക്കറ്റുകളെ അപേക്ഷിച്ച് തത്കാൽ ടിക്കറ്റിലാണ് ഏജൻസികൾ ലാഭം കൊയ്യുന്നത്. ഓൺലൈനിൽ തത്കാൽ എടുത്ത് വിറ്റാൽ കംപ്യൂട്ടർ ഐ.പി. വെച്ച് പിടിക്കപ്പെടാം. നിശ്ചിത സമയത്തേക്ക് ഏജൻസികൾക്ക് ഓൺലൈൻ ബുക്കിങ് നിയന്ത്രണവുമുണ്ട്. അതിനാലാണ് ഏജൻസികൾ കൗണ്ടർ തത്കാൽ എടുക്കുന്നത്.
യഥാർഥ യാത്രക്കാരും ഉണ്ട്
ഓൺലൈനിൽ തത്കാൽ ടിക്കറ്റ് സൗകര്യം ഉപയോഗിക്കാനാണ് റെയിൽവേ നിർദേശിക്കുന്നത്. എന്നാൽ ഇന്റർനെറ്റ് സൗകര്യം കുറഞ്ഞ ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന കോളേജ് വിദ്യാർഥികൾ, നെറ്റ് ഉപയോഗം നിയന്ത്രിക്കുന്ന കോളേജുകൾ, ആസ്പത്രികളിൽ പോയി തിരിച്ചുവരുന്നവർ എന്നിവർ നിയമത്തിൽ നിസ്സഹായരാകും.
നഗരത്തിലെ തിരക്കുള്ള സ്റ്റേഷനിൽ തത്കാൽ കിട്ടില്ല. ചിലർ നാട്ടിലെ രക്ഷിതാക്കളോട് പറയും. അല്ലെങ്കിൽ ഏജൻസികളെ സമീപിക്കും. ചിലർ സ്റ്റേഷനിൽനിന്ന് എടുക്കും. അതിന്റെ ഫോട്ടോ അയച്ചു കൊടുക്കും. നിയമം കർശനമാക്കുന്നതോടെ ഇവരുടെ യാത്രയിൽ ഇത് തിരിച്ചടിയാകും.
റെയിൽവേ ഐ.ആർ.സി.ടി.സി. സൈറ്റ് നവീകരിക്കണമെന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..