ഹൃദയത്താൽ കൊരുക്കുന്നു, ഈ വിരമിക്കലും പ്രവേശനവും


1 min read
Read later
Print
Share

കൊച്ചി: വിടവാങ്ങൽ പ്രസംഗം നടത്തി വേദിയിൽ നിന്നിറങ്ങുമ്പോഴാണ് അമ്പിളി ടീച്ചർ നസ്ബിനെ കണ്ടത്. ക്ലാസിന്റെ വരാന്തയിൽ വീൽചെയറിലേക്ക് കയറാൻ ശ്രമിക്കുന്ന നസ്ബിനെ ഓടിച്ചെന്ന് എടുത്തുയർത്തുമ്പോൾ അവൾ ടീച്ചറുടെ കവിളിൽ ഒരു മുത്തം നൽകി. “ടീച്ചറുടെ യാത്രയയപ്പ് കഴിഞ്ഞല്ലേ. നമ്മൾ രണ്ടാളും ഈ സ്‌കൂളിൽനിന്ന് പോകുകയാണല്ലേ. നാളെ എനിക്ക് പുതിയ സ്‌കൂളിൽ പ്രവേശനോത്സവമാണ്” - നസ്ബിൻ പറയുമ്പോൾ ടീച്ചർ അവളെ നെഞ്ചോടു ചേർത്ത് മുത്തങ്ങളാൽ മൂടി.

ഹൃദയത്താൽ കൊരുത്ത ഒരു വിരമിക്കലും പ്രവേശനോത്സവവുമാണ് എറണാകുളം പുറ്റുമാനൂർ ഗവ. യു.പി. സ്‌കൂളിലെ പി. അമ്പിളി എന്ന അധ്യാപികയുടെയും നസ്ബിൻ സുൽത്താന എന്ന വിദ്യാർഥിയുടെയും കഥ. സെറിബ്രൽ പാൾസി രോഗം ബാധിച്ച് കിടപ്പിലായിട്ടും തളരാതെ വീൽചെയറിൽ സ്‌കൂളിലെത്തിയാണ് നസ്ബിൻ പഠിച്ചിരുന്നത്. അസം സ്വദേശിയായ നസ്ബിൻ നാലാം ക്ലാസിലാണ് ഇവിടെയെത്തുന്നത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് അമ്മ ജലേഖ നസ്ബിനെ എടുത്തുകൊണ്ട് റോഡിൽ വരും. സ്‌കൂൾ ബസിലേക്ക് അവളെ എടുത്തുകയറ്റിയാൽ പിന്നെ കൂട്ടുകാരാകും എല്ലാ കാര്യങ്ങളും നോക്കുന്നത്. സ്‌കൂളിലെത്തുമ്പോൾ ക്ലാസിലേക്കും ശൗചാലയത്തിലേക്കും മൈതാനത്തേക്കുമൊക്കെ കൂട്ടുകാർ തന്നെയാണ് അവളെ കൊണ്ടുപോയിരുന്നത്.

നസ്ബിനെ മകളെപ്പോലെ കണ്ടാണ് അമ്പിളി ടീച്ചറും അവളെ സ്നേഹിച്ചത്. “ഇവിടത്തെ ടീച്ചർമാരാണ് എന്നെ നന്നായി പഠിപ്പിച്ചത്. അമ്പിളി ടീച്ചറെയും ക്ലാസ് ടീച്ചറായ മേരി ടീച്ചറെയുമൊന്നും മറക്കാൻ കഴിയില്ല. കൂട്ടുകാരായ ശ്രീലക്ഷ്മിയെയും അൽനയെയും ദീപ്തിയെയും പ്രവീണിനെയും നന്ദകിഷോറിനെയുമൊക്കെ ഇനി മിസ്സ് ചെയ്യും” - വിരമിക്കുന്ന ദിനത്തിൽ തനിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണ് നസ്ബിന്റെ വരവെന്നാണ് അമ്പിളി ടീച്ചർ പറയുന്നത്. നസ്ബിനെ വീൽചെയറിൽ ഇരുത്തി കൊണ്ടുവരുമ്പോൾ വലിയൊരു സങ്കടംകൂടി ടീച്ചർ പങ്കുവെച്ചു. “അച്ഛൻ ഉപേക്ഷിച്ചു പോയതിനാൽ നസ്ബിനും സഹോദരങ്ങൾക്കും ഇനി അമ്മ മാത്രമേയുള്ളൂ. അവളെ ഇനി ഭിന്നശേഷിക്കാരായ കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനത്തിൽ നിർത്തിയാകും പഠിപ്പിക്കുന്നത്.’’

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..