ചൈൽഡ്‌ലൈൻ പൂട്ടുന്നു: മാറ്റം ഓഗസ്റ്റ് ഒന്നുമുതൽ


2 min read
Read later
Print
Share

ഇനി 112

കണ്ണൂർ: കുട്ടികളുടെ ആകുലവിളികൾ കൈകാര്യംചെയ്യുന്ന നോഡൽ ഏജൻസി ‘ചൈൽഡ്‌ലൈൻ’ പൂട്ടുന്നു. ചൈൽഡ്‌ലൈൻ സേവനം ഓഗസ്റ്റ് ഒന്നുമുതൽ ജില്ലാ ഭരണകൂടത്തിന് കൈമാറും. ചൈൽഡ് ലൈൻ ജീവനക്കാരുടെയും സേവനദാതാക്കളുൾപ്പെടെയുള്ളവരുടെയും സേവനം ജൂലായ് 31-ന് അവസാനിപ്പിക്കാൻ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം (എം.ഡബ്ല്യു.സി.ഡി.) സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ചൈൽഡ്‌ലൈൻ ഓഫീസുകളിൽ പതിച്ചു.

1098 എന്ന ചൈൽഡ്‌ലൈൻ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറിൽ ലയിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ചൈൽഡ് ഹെൽപ്പ് ലൈൻ എന്ന പുതിയ സംവിധാനം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാവും. ജില്ലകളിൽ ശിശുസംരക്ഷണ യൂണിറ്റിലാണ് ചൈൽഡ് ഹെൽപ്പ് ലൈൻ ഓഫീസ് പ്രവർത്തിക്കുക.

ചൈൽഡ്‌ലൈൻ ജില്ലാ നോഡൽ ഓഫീസും റെയിൽവേ ചൈൽഡ്‌ലൈൻ കിയോസ്കും ഓഗസ്റ്റ് ഒന്നുമുതൽ ജില്ലാ ഭരണകൂടത്തിനുകീഴിൽ പ്രവർത്തിക്കും.

2023 മാർച്ച് ഒന്നുമുതൽ ജൂൺ വരെ ചൈൽഡ്‌ലൈനെടുത്ത കേസുകളുടെ റിപ്പോർട്ട് ചെന്നൈ ചൈൽഡ്‌ലൈൻ കോൾസെന്ററിന് കൈമാറാൻ നിർദേശിച്ചു. അതിനുശേഷമുള്ള കേസുകളുണ്ടെങ്കിൽ ജൂലായ് 31-ന് സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിന്‌ (സി-ഡാക്) കൈമാറണം.

ഇനി 112

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം മിഷൻ വാത്സല്യ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ചൈൽഡ് ഹെൽപ്പ് ലൈൻ സേവനം തുടങ്ങുന്നത്. സംസ്ഥാന സർക്കാറുകളും അവയുടെ ജില്ലാ ഭരണകൂടവും മേൽനോട്ടം വഹിക്കും. ചൈൽഡ് ഹെൽപ്പ് ലൈൻ(1098) ഏകീകരിച്ച് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം 112 (ഇ.ആർ.എസ്.എസ്-112) ആകും. സി-ഡാക് ആണ് സാങ്കേതിക നേതൃത്വം.

മാർച്ച് 31-ന് ചൈൽഡ്‌ലൈൻ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശിച്ചെങ്കിലും പിന്നീട് അത് നീട്ടുകയായിരുന്നു. കേരളത്തിൽ 2000-ലാണ് ചൈൽഡ്‌ലൈൻ പ്രവർത്തനം തുടങ്ങിയത്. ഇനി 1098 എന്നത് 112 എന്ന ഒറ്റ ഹെൽപ്പ്‌ലൈൻ നമ്പറുമായി ലയിപ്പിക്കും. 112 പരിചിതമാകുംവരെ 1098-ഉം തുടരും.

സ്വന്തം 1098

കുട്ടികൾക്കെതിരെ നടന്ന പല പീഡനങ്ങളും ലൈംഗിക ദുരുപയോഗങ്ങളിൽ ഭൂരിഭാഗവും പുറത്ത് കൊണ്ടുവന്നത് 1098 എന്ന ചൈൽഡ്‌ലൈൻ നമ്പർ വഴിയിരുന്നു. 1098-ൽ വിളിച്ചാൽ ചൈൽഡ്‌ലൈൻ റീജണൽ ഓഫീസായ ചെന്നൈയിലേക്ക് കോൾ പോകും. അവിടെനിന്ന് അതത് ജില്ലകളിലേക്ക് വിവരം കൈമാറും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..