പിണറായി: പുത്തനുടുപ്പും കുടയും പുസ്തകസഞ്ചിയുമൊക്കെയായി സ്കൂളിലേക്ക് പോകാനുള്ള ആവേശത്തിലാണ് ഇസ്ര ഫാത്തിമ. ജന്മനാ കാഴ്ചശക്തി തീരെയില്ലെങ്കിലും അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ തയ്യാറല്ല ഈ കുഞ്ഞുമിടുക്കി. കതിരൂർ ഈസ്റ്റ് എൽ.പി. സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയായ ഇസ്ര ആർക്കും പിറകിലല്ല. കേട്ടതെല്ലാം വേഗം പഠിച്ചെടുക്കും. നന്നായി പാടും.
പഠിക്കാനും പാടാനുമെല്ലാം മുന്നിലെങ്കിലും ക്ലാസിൽ മറ്റു കുട്ടികൾ എഴുതാൻ തുടങ്ങുമ്പോൾ അവളുടെ മുഖം വാടും. സങ്കടപ്പെടും -ഒന്നാം ക്ലാസിൽ അധ്യാപികയായിരുന്ന എം.സീമ പറഞ്ഞു. കുട്ടിയുടെ വിഷമം കണ്ടറിഞ്ഞ് തലശ്ശേരി നോർത്ത് ഉപജില്ലാ ബി.ആർ.സി.യും നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ചേർന്ന് ബ്രെയിൽ ലിപി പരിശീലനത്തിന് സൗകര്യമൊരുക്കി. യു.ശുഹൈബാണ് പരിശീലകൻ.
ഒന്നാംക്ലാസിൽ ഒരുദിവസം പോലും സ്കൂൾ മുടക്കിയിട്ടില്ല. കുഞ്ഞുലോകത്ത് വർണങ്ങളുടെ ആകാശം തീർത്ത കുറേ നല്ല കൂട്ടുകാരുണ്ട് അവൾക്കവിടെ. അവരുടെ കൈപിടിച്ചാണ് മിക്കപ്പോഴും സഞ്ചാരം. ക്ലാസിനുള്ളിൽ ഇസ്രയ്ക്ക് ഒട്ടും കൈത്താങ്ങ് വേണ്ട. വെള്ളക്കുപ്പി വെക്കുന്ന സ്ഥലം, വാതിൽപ്പടി, ഇരിപ്പിടങ്ങളുടെ സ്ഥാനം എല്ലാം സുപരിചിതം. കുഞ്ഞുവീഴ്ചകളിൽ കാലിടറാതെ ഉൾക്കണ്ണിന്റെ കാഴ്ചയിൽ അവൾ നടക്കും.
ബഞ്ചും കസേരയും ഒന്നും സ്ഥാനംതെറ്റാതെ ശ്രദ്ധിക്കാൻ കുട്ടികളോട് നിർദേശിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപകൻ എ.കെ.സുരേഷ് പറഞ്ഞു. തങ്ങളെക്കാൾ കരുതലാണ് ഇക്കാര്യത്തിൽ കുട്ടികൾക്കെന്നാണ് ഇസ്രയുടെ പ്രിയപ്പെട്ട അധ്യാപകരുടെയും അഭിപ്രായം.
കുട്ടിയുടെ സ്കൂളിലേക്കുള്ള യാത്രയും ഒറ്റയ്ക്കുതന്നെ. വീടിന്റെ കുറച്ച് അകലെയാണ് സ്കൂൾവാൻ വരുന്നത്. ചെറിയ കുന്നിറങ്ങി വേണം റോഡിലെത്താൻ. സ്കൂളിലെ തന്നെ വൈശാഖ് മാഷാണ് വാനിന്റെ സാരഥി. വാനിന്റെ ഹോൺ കേട്ടാൽ ഇസ്രക്കറിയാം. ആരെയും കാത്തു നിൽക്കില്ല. പിന്നെ ഒറ്റയോട്ടമാണ് -മാതാവ് പറഞ്ഞു. കതിരൂർ മമ്മാലിമുക്ക് റാബിയാസിൽ പി.സി.റൗഫിന്റെയും ടി.പി.നജാദിന്റെയും മൂന്നുമക്കളിൽ ഇളയവളാണ് ഇസ്ര.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..