മലപ്പുറം: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലംനൽകിയ ആത്മവിശ്വാസത്തിൽ മുസ്‌ലിം ലീഗ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നു. പാർട്ടിയുടെ സീറ്റുകൾ വർധിപ്പിക്കുക എന്നതിനേക്കാൾ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതരചേരി അധികാരത്തിൽ എത്തുന്നതിനാണ് ലീഗ് മുൻഗണന നൽകുന്നത്.
മാർച്ചിൽ ചെന്നൈയിൽ നടന്ന എഴുപത്തഞ്ചാം വാർഷികസമ്മേളനത്തിൽ ദേശീയതലത്തിൽ പാർട്ടിയെ വളർത്താനുള്ള കർമപദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനുപിന്നാലെ വന്ന കർണാടക തിരഞ്ഞെടുപ്പിൽ സാധ്യതയുണ്ടായിട്ടും ലീഗ് സീറ്റ് ചോദിച്ചില്ല. പകരം എല്ലായിടത്തും കോൺഗ്രസ് സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ലീഗ് മത്സരരംഗത്തിറങ്ങിയാൽ വർഗീയ ആരോപണവുമായി ബി.ജെ.പി. രംഗത്തുവരുമെന്നും അത് കോൺഗ്രസിനുതന്നെ തിരിച്ചടി ആയേക്കുമെന്നും വിലയിരുത്തിയായിരുന്നു ആ നീക്കം. ഇതേ സമീപനം തന്നെയാകും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ദേശീയതലത്തിൽ സ്വീകരിക്കുകായെന്ന് നേതാക്കൾ നൽകുന്ന സൂചന. അതുകൊണ്ടുതന്നെ കൂടുതൽ സീറ്റുകൾക്കുവേണ്ടി ലീഗ് കടുംപിടിത്തത്തിനുണ്ടാകില്ല. നിലവിൽ കേരളത്തിൽ രണ്ടും തമിഴ്‌നാട്ടിൽ ഒരു എം.പി.യുമാണ് പാർട്ടിക്കുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് വ്യാഴാഴ്ച രാവിലെ 11 മുതൽ കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്ന സംസ്ഥാന നേതൃയോഗത്തിലെ പ്രധാന അജൻഡ. കർണാടക തിരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും ആസൂത്രണം ചെയ്യും. മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം, യു.ഡി.എഫിന്റെ സമരപരിപാടികൾ എന്നിവയും ചർച്ചയാകും.
ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കരുത്
കർണാകട ഫലം നല്ല പാഠമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മതേതര, ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള ഇടപെടലും ജാഗ്രതയും പാർട്ടി കൈക്കൊള്ളും. ന്യൂനപക്ഷ കേന്ദ്രങ്ങളിലെ പരമാവധി വോട്ടുകൾ യു.പി.എ.ക്ക് ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങളും ആവിഷ്കരിക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
(മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..