മലപ്പുറം: മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ഹരിതവനങ്ങൾ സൃഷ്ടിക്കും. ഇതിനായി ഓരോ ജില്ലയിലും ഒരേക്കറിൽ കുറയാത്ത സ്ഥലങ്ങൾ കണ്ടെത്തി. ആലപ്പുഴയിൽ രണ്ടുസ്ഥലങ്ങളിൽ ഹരിതവനം ഒരുക്കും.
പാർട്ടി പ്രവർത്തകരുടെയോ സ്വകാര്യ വ്യക്തികളുടെയോ സ്ഥലത്താണ് ഹരിതവനം സൃഷ്ടിക്കുന്നത്. വിടപറഞ്ഞ നേതാക്കളുടെ പേരിൽ ഓർമ്മമരങ്ങളായാണ് നട്ടുപിടിപ്പിക്കുക. പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് പദ്ധതി തുടങ്ങും.
പോഷകസംഘടനകളുടെയും അനുബന്ധ സംഘടനകളുടെയും സഹകരണത്തോടെ മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണസമിതിയാണ് ഹരിതവനം ഒരുക്കുന്നത്. ഹമീദലി ശിഹാബ് തങ്ങൾ ചെയർമാനായ സെന്റർ ഫോർ എജ്യുക്കേഷണൽ ആൻഡ് സോഷ്യൽ സർവീസ് (സെസ്) എന്ന സന്നദ്ധസംഘടനയും ഇതിൽ ചേരും. ലീഗ് ജില്ലാ കമ്മിറ്റികൾക്കാണ് ഏകോപനച്ചുമതല.
വെള്ളിയാഴ്ച രാവിലെ ഒൻപതിന് പാണക്കാട്ട് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഹരിതവനം പദ്ധതി പ്രകാശനംചെയ്യും. മക്ക കെ.എം.സി.സി.യുടെ പഴയകാല നേതാവ് പനങ്ങാങ്ങരയിലെ മൊയ്തീൻ ഹാജിയിൽനിന്ന് ആദ്യ തൈ സ്വീകരിക്കും. പോഷക സംഘടനകളും തൈകൾ കൈമാറും.
പരിസ്ഥിതി ദിനത്തിൽ മലപ്പുറത്ത് തൈകൾ നട്ട് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഹരിതവന നിർമാണത്തിന് തുടക്കമിടും. തുടർന്ന് നേതാക്കളും പ്രവർത്തകരും തൈകൾ നടും. മറ്റു ജില്ലകളിലും അന്നുതന്നെ തൈകൾ നട്ടുപിടിപ്പിക്കും.
ഇതിനായി ചേർന്ന യോഗത്തിൽ മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണസമിതി ചെയർമാൻ കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷനായി. കൺവീനർ സലീം കുരുവമ്പലം പദ്ധതി വിശദീകരിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ, ഉമ്മർ അറക്കൽ, നൗഷാദ് മണ്ണിശ്ശേരി, കോ -ഓർഡിനേറ്റർ ടി.കെ. അബ്ദുൽ ഗഫൂർ, സക്കീന പുൽപ്പാടൻ, പ്രകാശൻ മൂച്ചിക്കൽ, സൈഫുദ്ദീൻ വലിയകത്ത്, ലുഖ്മാൻ അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..