സിദ്ദിഖ് വധം: മൃതദേഹം വെട്ടിമുറിച്ചത് ഫർഹാനയും ഷിബിലിയും ചേർന്ന്


1 min read
Read later
Print
Share

മലപ്പുറം: വ്യാപാരിയായ തിരൂരിലെ മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പിൽപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം വെട്ടിമുറിച്ചത് ഫർഹാനയും ഷിബിലിയും ചേർന്ന്. ഭയപ്പെടുത്തി പണംതട്ടാൻ ശ്രമിക്കുന്നതിനിടെ എതിർത്തപ്പോൾ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. വെള്ളിയാഴ്‌ച ഫർഹാന, ഷിബിലി, വാലുപറമ്പിൽ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

പുരുഷൻമാർ നന്നായി മദ്യപിച്ചു. തർക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേൽപ്പിച്ചു. അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികൾ കരുതിയത്. എന്നാൽ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫർഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു. എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാർന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു. അതറിഞ്ഞതോടെ ആഷിഖ് മുറിയിൽനിന്നിറങ്ങി നേരെ റെയിൽവേസ്റ്റേഷനിൽ പോയി ഇരുന്നു.

പിന്നാലെ ഷിബിലിയും ഫർഹാനയും കാറെടുത്ത് റെയിൽവേസ്റ്റേഷനിൽ പോയി. മൂവരുംചേർന്ന് ഇനിയെന്തുചെയ്യണമെന്ന്‌ ആലോചിച്ചു. ആഷിഖ് ഇവരിൽനിന്ന് അയ്യായിരം രൂപ വാങ്ങി നാട്ടിലേക്കു പോയി. മൃതദേഹം മറവുചെയ്യാൻ സഹായിക്കാനാണ് പിന്നീട് ഇയാൾ ഇവരുടെകൂടെ കൂടിയത്. ഷിബിലിയും ഫർഹാനയും ബാഗുകളും ഇലക്‌ട്രിക് കട്ടറും വാങ്ങിവെച്ചു. പിന്നീട് രണ്ടുപേരും ചേർന്ന് മൃതദേഹം വെട്ടിമുറിച്ചു. ആഷിഖ്‌ കുറച്ചുകാലം അഗളിയിലെ തോട്ടത്തിൽ ജോലിചെയ്തിരുന്നു. ഇതിന്റെ പരിചയത്തിലാണ് ചുരത്തിലെ വളവിൽ മൃതദേഹാവശിഷ്ടങ്ങൾ ഇടാമെന്നു നിർദേശിച്ചത്.

മുകളിലെ വളവിൽ ഇടാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ ആളുകളുണ്ടായിരുന്നതിനാൽ തൊട്ടുതാഴെയുള്ള വളവിൽ ഇടുകയായിരുന്നു. അതുകൊണ്ടാണ് പെട്ടെന്ന് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. മുകളിലെ വളവിലാണെങ്കിൽ താഴേക്ക് കാഴ്‌ച ഒട്ടുമില്ല. അതുകൊണ്ടുതന്നെ കണ്ടെത്താനും പ്രയാസമാകുമായിരുന്നെന്ന് അന്വേഷണസംഘം ’മാതൃഭൂമി’യോട് പറഞ്ഞു.

കൊലപാതകത്തിൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായതായി അവർ പറഞ്ഞു. ഇനി ചെറിയ ചില കാര്യങ്ങളിൽ മാത്രമേ വ്യക്തത വരുത്തേണ്ടതുള്ളൂ. രാസപരിശോധനയുടെ ഫലംകൂടി വരാനുണ്ട്. വെള്ളിയാഴ്‌ചതന്നെ ഷിബിലിയെയും ഫർഹാനയെയും തിരിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. ആഷിഖിനെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..