തിരുവനന്തപുരം: ജസ്റ്റിസ് ജി. ശിവരാജൻ കോടികൾ കൈക്കൂലിവാങ്ങി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ റിപ്പോർട്ട് തയ്യാറാക്കിയെന്ന സി.പി.ഐ.യുടെ സമുന്നതനേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു.
ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരേ ഒന്നാം പിണറായി സർക്കാർ കേസെടുത്തത്. ആ റിപ്പോർട്ടുതന്നെ തട്ടിക്കൂട്ടാണെന്ന് യു.ഡി.എഫ്. അന്നേ പറഞ്ഞിരുന്നു. ജി. ശിവരാജന്റെ സാമ്പത്തികവളർച്ച അന്വേഷിക്കണം -ഹസൻ പറഞ്ഞു.
സമഗ്രാന്വേഷണം വേണം -കെ. സുധാകരൻ
തിരുവനന്തപുരം: 10 കോടി രൂപമുടക്കി ഒരു വ്യാജാരോപണം ഉയർത്തിക്കൊണ്ടുവരുകയും അതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷനെ അഞ്ചുകോടി രൂപമുടക്കി അട്ടിമറിക്കുകയുംചെയ്ത് രണ്ടുതവണ പിണറായി വിജയൻ അധികാരം പിടിച്ചെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയാണ് സി. ദിവാകരൻ പുറത്തുവിട്ടതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണ് പിണറായി വിജയൻ രണ്ടുതവണ മുഖ്യമന്ത്രിയായത്. സോളാർക്കേസിലെ കോഴ ഇടപാടുകളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ പേരുപറയാൻ സി.പി.എം. തനിക്ക് 10 കോടിരൂപ വാഗ്‌ദാനംചെയ്തെന്ന് പരാതിക്കാരി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പിണറായി വിജയന്റെ പ്രധാന ആയുധം സോളാർവിവാദമായിരുന്നു. തികച്ചും വസ്തുതാവിരുദ്ധമായ സോളാർ കമ്മിഷൻ റിപ്പോർട്ട് ഹൈക്കോടതി ചവറ്റുകൊട്ടയിൽ തള്ളി -അദ്ദേഹം പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..