തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2024 മേയിൽ പ്രവർത്തനസജ്ജമാകുമെന്ന് അദാനി ഗ്രൂപ്പ് സി.ഇ.ഒ. കരൺ അദാനി. വരുന്ന ഒക്‌ടോബറിൽ ആദ്യ കപ്പൽ ബെർത്തിലെത്തിക്കാവുന്ന രീതിയിലാണ് പണി പുരോഗമിക്കുന്നത്. 2024 മാർച്ചിൽ കമ്മിഷൻ ചെയ്യാനാകുമെന്നും മേയ് മാസത്തിൽ പ്രവർത്തനസജ്ജമാകുമെന്നും കരൺ അദാനി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിഴിഞ്ഞത്തെ തുറമുഖ നിർമാണം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് അദാനി തുറമുഖ കമ്പനി എം.ഡി.യും സി.ഇ.ഒ.യുമായ രാജേഷ് ഝാ പറഞ്ഞു. കോവളത്തു നടക്കുന്ന ഇന്ത്യാ ടുഡേ കോൺക്ലേവിലാണ് രാജേഷ് ഝാ തുറമുഖ നിർമാണത്തെക്കുറിച്ച് വിശദീകരിച്ചത്.
തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകാറായെന്ന് രാജേഷ് ഝാ അറിയിച്ചു. 800 മീറ്റർ ബെർത്തും 3000 മീറ്റർ ബ്രേക്ക് വാട്ടറും(കടലിൽ കല്ലിട്ട് ബെർത്തിനെ വേർതിരിക്കുന്ന പുലിമുട്ട് നിർമാണം) അടുത്ത മേയിൽ പൂർത്തിയാകും.
ആദ്യഘട്ടത്തിൽ ഒരു ദശലക്ഷം ടി.ഇ.യു. ശേഷിയായിരിക്കും വിഴിഞ്ഞം തുറമുഖത്തിന്. ഭാവിയിൽ മൂന്നു മുതൽ നാലു ദശലക്ഷം ടി.ഇ.യു.വിലേക്ക് ഇത് ഉയർത്താനാകും. ബെർത്തിന്റെ നീളം 2000 മീറ്ററാക്കാനും ബ്രേക്ക് വാട്ടർ 4000 മീറ്ററാക്കാനും സാധിക്കുന്ന രീതിയിലുള്ള വികസനവും സാധ്യമാണ്. തുറമുഖം കേരളത്തിന്റെ വാണിജ്യ വ്യവസായ മേഖലയിൽ വൻ കുതിപ്പിനു സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ കണ്ടെയ്നർ ട്രാൻസ്ഷിപ്‌മെന്റിന് കൊളംബോ തുറമുഖത്തെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഒഴിവാക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പ് വിലയിരുത്തുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലുകളും കോവിഡും ഇടയ്ക്കിടെയുണ്ടായ ചുഴലിക്കാറ്റുകളുമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
തുറമുഖത്തിനാവശ്യമായ ക്രെയിനുകൾ ചൈനയിൽനിന്ന് സെപ്റ്റംബറിലെത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ തുറമുഖങ്ങളിൽ സ്ഥാപിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ക്രെയിനുകളാണ് വിഴിഞ്ഞത്തെത്തിക്കുന്നത്. മൺസൂൺ കഴിഞ്ഞ് കടൽ ശാന്തമാകുന്ന സാഹചര്യത്തിൽ മാത്രമേ ഇവ ചൈനയിൽനിന്നു തിരിക്കുകയുള്ളൂ. ക്രെയിനുകൾ പരിശോധിക്കാൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്(വിസിൽ) സംഘം ചൈനയിലേക്ക് ഉടൻ തിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..