വ്യാപാരികളെ സഹായിക്കുന്നതു തടയാൻ കേന്ദ്രം ശ്രമിക്കുന്നു -മുഖ്യമന്ത്രി


1 min read
Read later
Print
Share

തിരുവനന്തപുരം: വ്യാപാര, വ്യവസായ മേഖലയെ സഹായിക്കുന്നതിൽനിന്ന്‌ സംസ്ഥാന സർക്കാരിനെ പിന്തിരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തിരുവനന്തപുരം ഓഫീസിന്റെയും ബിസിനസ് എജ്യൂക്കേഷൻ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രസർക്കാരിന്റെ നയങ്ങൾ രാജ്യത്തെ ചെറുകിട വ്യാപാരമേഖലയ്ക്കു പ്രതികൂലമാണ്. ഒരുവശത്ത് ബഹുരാഷ്ട്ര കുത്തകകൾക്ക് ചില്ലറവ്യാപാരരംഗത്ത് വിദേശനിക്ഷേപം നടത്താനുള്ള സാഹചര്യമൊരുക്കുകയും മറുവശത്ത് ചെറുകിട വ്യാപാരമേഖലയിലുണ്ടാകുന്ന പ്രശ്നങ്ങൾ അവഗണിക്കുകയും ചെയ്യുകയാണ്.

നോട്ടുനിരോധനം, ജി.എസ്.ടി., ഓൺലൈൻ വ്യാപാരം എന്നിവയെല്ലാം ചെറുകിട കച്ചവടക്കാരുടെ ദുരിതങ്ങൾ വർധിപ്പിച്ചു. നോട്ടുനിരോധനത്തിന്റെ ദുരന്തം ഓർമയിൽനിന്നു മായുന്നതിനു മുൻപാണ് രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ചത്. ഇത് നമ്മുടെ കറൻസിയുടെ വിശ്വാസ്യത നഷ്ടമാകൻ ഇടയാക്കും -മുഖ്യമന്ത്രി പറഞ്ഞു.

വ്യാപാരരംഗത്ത് ആവശ്യമായ സഹായവും പിന്തുണയും നൽകുകയെന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. ഇത്തരം സഹായങ്ങളും പിന്തുണയും നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്ന കേന്ദ്രനയം മറുഭാഗത്തുണ്ട്. 100 രൂപയുടെ വില്പന നടക്കുമ്പോൾ 16 രൂപയുടെ നികുതി സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നത് ജി.എസ്.ടി. വന്നപ്പോൾ 11 രൂപയായി ചുരുങ്ങി. ഇതിലൂടെ 15000 കോടി രൂപയുടെ വരുമാന നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നത്. നാടിന് ആവശ്യം വന്നപ്പോഴൊക്കെ സഹായവുമായി വന്നവരാണ് സംസ്ഥാനത്തെ വ്യാപാരി വ്യവസായി സമൂഹമെന്നും അവർക്കാവശ്യമായ സഹായങ്ങൾ എക്കാലത്തും സർക്കാരിൽനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര അധ്യക്ഷനായി. ടി.നസറുദ്ദീൻസ്മാരക ഹാൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സി.എം.ജോർജ് സ്മാരക ഹാൾ സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞിറാവു ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംഘടനാ നേതാക്കളായ പെരിങ്ങമല രാമചന്ദ്രൻ, ഡോ. ബി.ഗോവിന്ദൻ, എം.കെ.തോമസ്‌കുട്ടി, പി.സി.ജേക്കബ്, എ.ജെ.ഷാജഹാൻ, അബ്ദുൾഹമീദ്, കെ.കെ.വാസുദേവൻ, കെ.അഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..