തിരുവനന്തപുരം: രാജ്യത്ത് ഇനി പുതിയ രാഷ്ട്രീയപ്പാർട്ടികൾ രജിസ്റ്റർ ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സിന്റെ(ഐ.എ.എൽ.) ദേശീയ സമ്മേളനത്തിന്റെ മൂന്നാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിൽ മതം കലർത്തുന്നത് ഗൗരവമായി കാണണമെന്നും അത്തരക്കാർക്കെതിരേ വിലക്കുകളുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതം എന്ന ആശയം ഒരു തുറന്ന ജീവിതശൈലിയാണ്. അതു മതമായി മാത്രം പരിമിതപ്പെടുത്തുന്നവർക്ക് ഭരണം മാത്രമാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ മറ്റൊരു പാർട്ടിയിലേക്കു പോകുന്നതും പിന്തുണ നൽകുന്നതും വോട്ടുചെയ്തു വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരേ നിയമഭേദഗതി ആവശ്യമാണ്. മുതിർന്ന എം.പി.മാരും എം.എൽ.എ.മാരും സ്വാധീനിക്കപ്പെടുമെന്നു ഭയന്ന്, എൽ.കെ.ജി. വിദ്യാർഥികളെപ്പോലെ അവരെ റിസോർട്ടുകളിലേക്കു മാറ്റേണ്ടിവരുന്നത് പരിഹാസ്യമാണ്.
പുരോഗമനവാദികളായ ജഡ്ജിമാരും സ്വന്തം പുരോഗമനം ആഗ്രഹിക്കുന്ന ജഡ്ജിമാരുമുണ്ട്. റിട്ടയർമെന്റിനു ശേഷമുള്ള സ്ഥാനമോഹങ്ങൾ ജഡ്ജിമാർ വേണ്ടെന്നുവെക്കണം. ഭരണഘടന ഉയർത്തിപ്പിടിക്കുകയെന്നതാണ് ജുഡീഷ്യറിയുടെ പ്രധാന ഉത്തരവാദിത്വം. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ ജീവിതരീതിയുടെയോ അടിസ്ഥാനത്തിൽ വേർതിരിവില്ലാതെ എല്ലാ പൗരന്മാർക്കും തുല്യത എന്നത് ഇന്നു നടപ്പാകുന്നുണ്ടോയെന്നു ചിന്തിക്കണം. വൈവിധ്യമാർന്ന ജീവിതരീതികളുള്ള ഇന്ത്യയിൽ ഏകീകരണമല്ല, ഐക്യമാണ് ഉണ്ടാകേണ്ടത് -അദ്ദേഹം പറഞ്ഞു.
കൗൺസിലർ രാഖി രവികുമാർ അധ്യക്ഷയായി. മന്ത്രി ജി.ആർ.അനിൽ, സുപ്രീംകോടതി അഭിഭാഷക തരന്നം ചീമ, വനിതാ കമ്മിഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ, ഡോ. ആർ.ലതാദേവി, കെ.പി.ജയചന്ദ്രൻ, എ.ജയശങ്കർ, സി.ബി.സ്വാമിനാഥൻ, അയൂബ്ഖാൻ, ബി.പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..